എതിർപ്പുകൾക്കിടയിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്

എതിർപ്പുകൾക്കിടയിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്

വകുപ്പ് 40 എടുത്ത് മാറ്റുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്ന വഖഫ് ഭേദഗതി നിയമത്തിലുള്ളത്
Updated on
2 min read

1995ലെ വഖഫ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. നാളെയാണ് ബിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന വിവരം ലോക്സഭാ ബിസിനസ് അഡ്വൈസറി കമ്മിറ്റിയെ സർക്കാർ ഇന്ന് അറിയിച്ചു. വഖഫ് നിയമങ്ങളെ ഏകീകരിച്ചുകൊണ്ട് 1995 ലെ നിയമത്തിൽ മാറ്റം വരുത്തുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

വഖഫ് നിയമത്തിലെ വകുപ്പ് 40 എടുത്ത് മാറ്റുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് നിലവിൽ സർക്കാർ മുന്നോട്ടു വയ്ക്കുന്ന വഖഫ് ഭേദഗതി നിയമത്തിലുള്ളത്. വകുപ്പ് 40 വഖഫ് സ്വത്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഏതൊക്കെയാണ് വഖഫ് ഭൂമി എന്നും അതെങ്ങനെ നിർണയിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ആ വകുപ്പ് ഒഴിവാക്കുന്നതോടെ ഇനി വഖഫ് ഭൂമി എന്ന പ്രത്യേക പരിഗണന ലഭിക്കുക അത്ര എളുപ്പമല്ല.

ബിൽ പാർലമെൻററികാര്യ സമിതിക്ക് വിടണം എന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. പുതിയ ബിൽ അനുസരിച്ച് വഖഫ് ആക്ടുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നത് ജില്ലാ കളക്ടറായിരിക്കും. വഖഫ് എന്ന വാക്ക് പുതിയ ഭേദഗതിയിൽ 'ഏകീകൃത വഖഫ് കൈകാര്യം, നിലവാരം, വികസനം' എന്നാക്കി മാറ്റും. രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഭേദഗതിയിൽ കൊണ്ടുവന്നിരിക്കുന്നത്. അതിൽ ആദ്യത്തേത് ജില്ലാ കലക്ടറിലേക്ക് അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. ഒരു ഭൂമി സർക്കാർ ഭൂമിയാണോ വഖഫ് ഭൂമിയാണോ എന്ന് തീരുമാനിക്കുന്നത് പൂർണമായും ജില്ലാ കലക്ടറായിരിക്കും.

എതിർപ്പുകൾക്കിടയിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്
വഖഫ് ബോര്‍ഡിനുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കും; ഭൂമി സ്വന്തമാക്കുന്നത് തടയാനുള്ള ബിൽ അടുത്തയാഴ്ച പാർലമെന്റിൽ

നിയമത്തിലെ വകുപ്പ് 3സി (2) ഉൾപ്പെടുത്തുന്നതിലൂടെയാണ് ഈ മാറ്റം കേന്ദ്രം കൊണ്ടുവരാൻ പോകുന്നത്. ഒന്നാം ഉപവകുപ്പ് (1) പറയുന്നത് പുതിയ നിയമം ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ വഖഫ് ഭൂമിയായി മാറ്റപ്പെട്ട സ്ഥലങ്ങൾ ഈ നിയമത്തോടെ വഖഫ് ഭൂമിയായി തുടരില്ല എന്നാണ്. അതിലെ രണ്ടാമത്തെ ഉപവകുപ്പ് (2) കളക്ടർമാർക്ക് പുതുതായി ലഭിക്കുന്ന അധികാരത്തെ കുറിച്ചാണ് പറയുന്നത്. ഏതെങ്കിലും സ്ഥലം വഖഫ് ഭൂമിയാണ് എന്ന അവകാശവാദങ്ങൾ വന്നാൽ ജില്ലാ കളക്ടർ അന്തിമതീരുമാനാമെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകണം.

അതുമാത്രമല്ല അത്തരത്തിൽ ഒരു റിപ്പോർട്ട് കളക്ടർ നൽകിയാൽ മാത്രമേ ആ ഭൂമി വഖഫ് ഭൂമിയായി കണക്കാക്കുകയുള്ളൂ എന്നും ഭേദഗതിയിൽ ഊന്നിപ്പറയുന്നു.

പാവപ്പെട്ട മുസ്ലിങ്ങൾ ഇത്തരത്തിൽ ഒരു ഭദഗതി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു എന്നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞത്. സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സുതാര്യമാകണമെന്നാണ് ജനങ്ങളുടെ അഭിപ്രായം എന്നും റിജിജു മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ സൈന്യത്തിനും റയിൽവേയ്ക്കും ശേഷം ഏറ്റവുമധികം സ്വത്തുള്ളത് വഖഫ് ബോർഡിനാണ് 9.4 ലക്ഷം ഏക്കർ ഭൂമിയുൾപ്പെടുന്ന സ്വത്തുക്കളുടെ മൂല്യം 1.2 ലക്ഷം കോടി രൂപയാണ്.

അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് പുതിയ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വഖഫ് സ്വത്തിന്റെയോ വാഖഫ് ബോർഡുകളുടെയോ നിലവിലെ നിയമസാധുതയോ അധികാരങ്ങളോ ചോദ്യംചെയ്യപ്പെടുന്ന തരത്തിലുള്ള യാതൊരിടപെടലുകളും അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് മുസ്ലിം വ്യക്തിനിയമ ബോർഡിൻറെ നിലപാട്. അത്തരം നീക്കങ്ങൾ പൂർണമായും ഉപേക്ഷിക്കണമെന്നും, ഭേദഗതി വരുത്തുന്നത് അനുവദിക്കരുത് എന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് എൻഡിഎ സഖ്യകക്ഷികളോടും പ്രതിപക്ഷ പാർട്ടികളോടും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അഖിലേന്ത്യ സൂഫി സജ്ജദാനഷീൻ കൗൺസിൽ ( എ ഐ എസ് എസ് സി) അധ്യക്ഷൻ സയ്ദ് നസീറുദ്ദിൻ ചിഷ്റ്റി, മന്ത്രി റിജിജുവിനെ നേരിൽ കാണുകയും നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. വഖഫ് ഭൂമിയെന്ന പേരിലുള്ള ഭൂമി കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിച്ചാൽ അതിൽ നിന്നും ലഭിക്കുന്ന തുക മുസ്ലിം സമുദായത്തിന് വേണ്ടി തന്നെ ഉപയോഗപ്പെടുത്താമെന്ന് മന്ത്രി തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in