വിമാനത്താവളത്തിനായി നശിപ്പിച്ചത് 1,600 ഏക്കര്‍ തേയിലത്തോട്ടം; പദ്ധതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം
അസമില്‍ ഗ്രീന്‍ഫീല്‍ഡ് വിമാത്താവളത്തിനായി ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ ഔപചാരിക നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളത്തിനായി ഏക്കറ് കണക്കിന് തേയിലത്തോട്ടം വെട്ടിനശിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമാനത്താവള നിര്‍മാണത്തില്‍ പുരോഗതിയില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ മറുപടിയോടെ വ്യക്തമാകുന്നത്. ഒരുറപ്പുമില്ലാത്ത പദ്ധതിക്കായി തിരക്ക് പിടിച്ച് തേയിലതോട്ടം നശിപ്പിച്ചതെന്തിനെന്നാണ് ഉയരുന്ന ചോദ്യം.
മെയ് മാസത്തിലാണ് ബരാക് വാലിയിലെ സില്‍ച്ചാറിന് സമീപം ഡോളോ ടീ എസ്‌റ്റേറ്റ് സംസ്ഥാന സര്‍ക്കര്‍ വിമാനത്താവളത്തിനായി വെട്ടി നിരത്തിയത്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി അനുമതി ലഭിച്ചെന്നായിരുന്നു വാദം. 1,600 ഏക്കറിലധികം ഭൂമിയിലെ തേയില ചെടികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു.150 ബുള്‍ഡോസറുകള്‍ ഒരേ സമയം വെട്ടിനിരത്താനെത്തി. 1,900ത്തോളം തൊഴിലാളികളുടെ ജീവിതോപാധി ഇല്ലാതാക്കുന്നതായിരുന്നു നടപടി. വലിയ പ്രതിഷേധമാണ് ഇതിനെതിരെ അരങ്ങേറിയത്.
രാജ്യത്ത് ആകെ 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തത്വത്തില്‍ അംഗീകാരം നല്‍കിയത്. മാര്‍ച്ച് മാസം സര്‍ക്കാര്‍ പുറത്തുവിട്ട ഈ പട്ടികയില്‍ അസമിലെ പദ്ധതി ഇടം പിടിച്ചിരുന്നില്ല. ജൂലൈ 28 ന് പാര്‍ലമെന്റില്‍ വ്യോമയാന മന്ത്രി നല്‍കിയ മറുപടിയില്‍ പക്ഷെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ സാധ്യമായ നിര്‍ദേശങ്ങളൊന്നും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ മറുപടി.
ഉത്സാഹം ഭൂമി ഏറ്റെടുക്കലിന് മാത്രം
അസം സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 2020 ജനുവരിയില്‍ മൂന്ന് സ്ഥലങ്ങളില്‍ സാധ്യതാ പഠനം നടത്തിയെന്നും ഡോളോ ടീ എസ്‌റ്റേറ്റ് കൂടുതല്‍ ഉചിതമെന്ന് കണ്ടെത്തിയെന്നും മന്ത്രാലയം അറിയിച്ചു. 870 ഏക്കര്‍ സ്ഥലത്ത് വിമാനത്താവളം നിര്‍മിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അസം സര്‍ക്കാരിന് നല്‍കിയത്. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കേന്ദ്ര സര്‍ക്കാരിലേക്ക് പദ്ധതി സംബന്ധിച്ച നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവെച്ചിട്ടില്ല.
2008 ലെ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള നയം , രാജ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ വിശദീകരിക്കുന്നുണ്ട്. കേന്ദ്രം പദ്ധതി തത്വത്തില്‍ അംഗീകരിച്ചാല്‍ സംസ്ഥാനമോ വിമാനത്താവള നിര്‍മാണ അതോറിറ്റിയോ വിശദമായ നിര്‍ദേശം വ്യോമയാനമന്ത്രാലയത്തിന് സമര്‍പ്പിക്കണം. പദ്ധതിക്കായി സ്ഥലം കണ്ടെത്തുക, ഭൂമി ഏറ്റെടുക്കുക, പണം കണ്ടെത്തുത, ആവശ്യമായ ക്ലിയറന്‍സ് ലഭ്യമാക്കുക എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.
സർക്കാരിനെതിരെ പ്രതിഷേധം
പദ്ധതി രൂപരേഖ പോലും തയ്യാറാക്കാതെ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രാദേശിക ബിജെപി എംഎല്‍എയുടെയും എംപിയുടേയും താത്പര്യമാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്ന് തോട്ടം തൊഴിലാളികളും പറയുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്ക് പിഴുതെടുത്ത് തേയില ചെടികള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി വലിയ അഴിമതി നടക്കുന്നുണ്ടെന്നും ആക്ഷേപം ഉണ്ട്.