കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മുന്‍കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം
ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആഗോള കോവിഡ് സാഹചര്യം സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാമ്പിൾ പരിശോധന വിമാനത്താവളങ്ങളിൽ ആരംഭിച്ചതായും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു.
രാജ്യത്ത് വാക്‌സിനേഷന് പ്രാധാന്യം നൽകുന്നുണ്ടെന്നും കോവിഡിനെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഐഎംഎ നിര്‍ദേശിച്ചിട്ടുണ്ട്
ലോകത്ത് പ്രതിദിനം അഞ്ച് ലക്ഷത്തിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിര്‍ദേശം ഐഎംഎ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കരുതല്‍ ഡോസ് നല്‍കുന്നത് ഊർജിതമാക്കുന്നത് കൂടാതെ, കൂടുതല്‍ ജനിതക ശ്രേണീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചും മറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനം ഉണ്ടാകും.
ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. പുതിയ വകഭേദങ്ങളെ തിരിച്ചറിയാനായി പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിങ് ത്വരിതപ്പെടുത്തണം. ചൈനയിൽ ഉണ്ടാകുന്ന പുതിയ വകഭേദമായ ബിഎഫ്.7 ന്റെ 4 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തത്ക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.