COVID-19
COVID-19

കോവിഡിൽ ജാഗ്രത; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, ജാഗ്രതയോടെ സംസ്ഥാനവും

നാളെ മുതല്‍ വിമാനത്താവളങ്ങളിലും പരിശോധന. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെയാകും പരിശോധിക്കുക.
Updated on
1 min read

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് രാജ്യം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചർച്ച നടത്തും. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴില്ല. അതേസമയം നാളെ മുതല്‍ വിമാനത്താവളങ്ങളിലും പരിശോധന ആരംഭിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെയാകും പരിശോധിക്കുക. വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങും പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനുള്ള ജീനോമിക് ടെസ്റ്റിനും വിധേയമാക്കും.

COVID-19
ചൈന കോവിഡ് കണക്കുകൾ മൂടിവയ്ക്കുന്നതിൽ സത്യമുണ്ടോ? ലോകരാജ്യങ്ങളിലെ കണക്കുകളിങ്ങനെ

കോവിഡിൽ സംസ്ഥാന ആരോഗ്യവകുപ്പും ജാഗ്രത ശക്തമാക്കുകയാണ്. എല്ലാ ജില്ലകളിലേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഇന്ന് അവലോകന യോഗം ചേരും. ഏതെങ്കിലും പ്രദേശത്ത് കേസുകള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തന്നെ പുതിയ വകഭേദങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക പരിശോധന നടത്താനും കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയയ്ക്കണം. ഏതെങ്കിലും ജില്ലകളില്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

COVID-19
കോവിഡ്: വിമാനത്താവളങ്ങളില്‍ വീണ്ടും ജാഗ്രത, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പെട്ടന്ന് തന്നെ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തണം. ഒപ്പം തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നീ ലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in