'മുസ്ലിം സംവരണം ആവശ്യമില്ല'; ഭരണഘടനാവിരുദ്ധമെന്ന് അമിത് ഷാ
മുസ്ലിം സംവരണത്തിനെതിരെ വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. മുസ്ലിങ്ങൾക്ക് സംവരണം പാടില്ലെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്നും മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്ത് ഉണ്ടാകരുതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ നാൻദെദിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.
ഏകസിവിൽ കോഡിൽ ഉദ്ധവ് താക്കറെയുടെയും പാർട്ടിയുടെയും നിലപാട് അറിയാൻ താത്പര്യമുണ്ട്. സവർക്കർക്കെതിരായ കോൺഗ്രസ് നിലപാടിനെയും ഒസമാനാബാദ്, അഹമ്മദ്നഗർ എന്നിവയുടെ പേരുമാറ്റവും ഉദ്ധവ് അംഗീകരിക്കുമോ എന്നും അമ്തി ഷാ ചോദിച്ചു. 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസുമായും എൻസിപിയുമായും ശിവസേന സഖ്യമുണ്ടാക്കി ഉദ്ധവ് താക്കറെ ബിജെപിയെ വഞ്ചിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു.
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ന്യൂനപക്ഷ സംവരണത്തിന് ഭരണഘടനാ സാധുതയില്ലെന്ന വാദം അമിത് ഷാ ഉന്നയിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുശാസിക്കുന്നില്ല. മത ന്യൂനപക്ഷ പ്രീണനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.