"കേരളമാണ് അരികിലുള്ളത്, കൂടുതലൊന്നും പറയുന്നില്ല" കർണാടകയിൽ വിവാദ പരാമർശവുമായി അമിത് ഷാ

"കേരളമാണ് അരികിലുള്ളത്, കൂടുതലൊന്നും പറയുന്നില്ല" കർണാടകയിൽ വിവാദ പരാമർശവുമായി അമിത് ഷാ

കർണാടക സുരക്ഷിതമാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
Updated on
1 min read

കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിലെ പുത്തൂരില്‍ നടന്ന പൊതു പരിപാടിയിലാണ് അമിത് ഷായുടെ പരാമർശം. 'കർണാടക സുരക്ഷിതമാക്കാൻ കോൺഗ്രസിന് സാധിക്കില്ല, അതിന് ബിജെപി ഭരിക്കണം. തൊട്ടടുത്ത് കേരളമാണ് , കൂടുതല്‍ ഒന്നും പറയുന്നില്ല' എന്നായിരുന്നു പരാമർശം.

"കർണാടക സുരക്ഷിതമാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ. മോദിയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ ബിജെപി സർക്കാരിന് മാത്രമേ അതിന് കഴിയൂ" അമിത് ഷാ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച മോദിയുടെ നടപടിയേയും കേന്ദ്രമന്ത്രി പ്രസംഗത്തിൽ പുകഴ്ത്തി. കോൺഗ്രസ് വിട്ടയച്ച പിഎഫ്ഐ പ്രവർത്തകരുടെ കണക്ക് നിരത്തിയായിരുന്നു ഷായുടെ പ്രസംഗം.

'കോൺഗ്രസ് കാലത്ത്‌ 1700 പ്രവർത്തകരെയാണ് ജയിൽ മോചിതരാക്കിയത്. എന്നാൽ മോദി പിഎഫ്ഐ നിരോധിച്ചു. ദേശവിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാനാകില്ല'. അമിത് ഷാ പറഞ്ഞു.

ജനതാദൾ എസ്സിനും കോൺഗ്രസിനും കർണാടകയ്ക്കായി നല്ലതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ഷാ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഇരുപാർട്ടികൾക്കും താല്പര്യം 18ാം നൂറ്റാണ്ടിൽ ഭരണം നടത്തിയിരുന്ന ടിപ്പു സുൽത്താനോടാണ് എന്നതാണ് ഇതിന് കാരണമായി അമിത് ഷാ പറഞ്ഞത്. എന്നാൽ സമൃദ്ധമായ ഭരണത്തിന് ബിജെപിയെ പ്രചോദിപ്പിക്കുന്നത് തുളുവയിലെ രാജ്ഞി ആയിരുന്ന അബ്ബാക്ക ചൗട്ടയാണെന്നും ഷാ കൂട്ടിച്ചേർത്തു. 16ാം നൂറ്റാണ്ടിൽ ഉള്ളാൾ ഭരിച്ചിരുന്ന റാണിയായിരുന്നു അബ്ബാക്ക ചൗട്ട.

logo
The Fourth
www.thefourthnews.in