കോവിഡ് വാക്സിന്‍: ഫൈസർ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് കേന്ദ്ര മന്ത്രി
യുഎസ് മരുന്ന് കമ്പനി ഫൈസര്‍ കോവിഡ് വാക്സിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഫൈസറിന്റെ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നുവെന്നും കേന്ദ്ര സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി.
ദാവോസിൽ ഫൈസറിന്റെ കോവിഡ് വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ ഫൈസർ സിഇഒ ആൽബർട്ട് ബൗർലയുടെ ട്വീറ്റ് പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തലുകൾ നടത്തിയത്. വിപരീതഫലമുണ്ടായാൽ കമ്പനിക്ക് ബാധ്യതയില്ലെന്ന വ്യവസ്ഥയ്ക്കാണ് ഫൈസര്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡിനെ നേരിടാന്‍ വിദേശ വാക്സിന്‍ വാങ്ങാന്‍ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാഹുലും ചിദംബരവും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിദേശ വാക്സിനു വേണ്ടി വാദിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. എന്നാൽ കേന്ദ്രം വിദേശ വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കേന്ദ്രമന്ത്രിയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫൈസറും കോവിഡ് വാക്സിന്‍ നിര്‍മാണത്തിലെ പങ്കാളികളായ ബയോഎന്‍ടെകും, വാക്സിന്‍ റെഗുലേറ്ററി അംഗീകാരത്തിന് നല്‍കുന്നതിന് മുന്‍പ് പരീക്ഷണം നടത്തിയിരുന്നില്ലെന്ന് ആരോപണമുയര്‍ന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ അടിസ്ഥാനം. ഫൈസറിലെ ഒരു ഉദ്യോഗസ്ഥന്റേതായിരുന്നു വെളിപ്പെടുത്തല്‍.