ഹര്‍ദീപ് സിങ് പുരി
ഹര്‍ദീപ് സിങ് പുരി

ഇന്ത്യ എവിടെനിന്നും ഇന്ധനം വാങ്ങും; റഷ്യയില്‍നിന്ന് വാങ്ങരുതെന്ന് ആരും പറഞ്ഞിട്ടില്ല: കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്തെ പൗരന്മാര്‍ക്ക് ഇന്ധനം ഉറപ്പവരുത്തുക എന്നത് ധാര്‍മിക കടമയാണ്, നിയന്ത്രണങ്ങള്‍ വിലപ്പോകില്ലെന്നും കേന്ദ്രമന്ത്രി
Updated on
1 min read

ഇന്ത്യ എവിടെനിന്നും ഇന്ധനം വാങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. റഷ്യയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യരുതെന്ന് ഒരു രാജ്യവും ഇന്ത്യയോട് പറഞ്ഞിട്ടില്ല. രാജ്യത്തെ പൗരന്മാര്‍ക്ക് ഇന്ധനം ഉറപ്പവരുത്തുക എന്നത് ധാര്‍മിക കടമയാണ്. നിയന്ത്രണങ്ങള്‍ വിലപ്പോകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുഎസ് എനര്‍ജി സെക്രട്ടറി ജന്നിഫര്‍ ഗ്രാന്‍ഹോം ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാഷിങ്ഡണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിലുണ്ടായ ഇന്ധന വില വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വളരെ ചെറിയ വര്‍ധന മാത്രമാണുണ്ടായത്.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഇന്ത്യയോട് ഏതെങ്കിലും രാജ്യം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഇല്ല എന്ന് സ്പഷ്ടമായി പറയാന്‍ കഴിയും. രാജ്യത്തെ പൗരന്മാര്‍ക്ക് ഇന്ധന വിതരണം ഉറപ്പാക്കുകയെന്നത് ധാര്‍മിക കടമയാണ്. ആഗോളതലത്തിലുണ്ടായ ഇന്ധന വില വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വളരെ ചെറിയ വര്‍ധന മാത്രമാണുണ്ടായത്. പെട്രോളിന്റെയും ഡീസലിന്റെയും കാര്യം പരിശോധിച്ചാല്‍, നോര്‍ത്ത് അമേരിക്കയില്‍ 43-46 ശതമാനമാണ് വില വര്‍ധിച്ചത്. എന്നാല്‍, ഇന്ത്യയില്‍ വില വര്‍ധന രണ്ട് ശതമാനത്തില്‍ നിയന്ത്രിച്ചു. പാചകവാതകത്തിന്റെ കണക്കെടുത്താല്‍, ആഗോളതലത്തില്‍ 260 മുതല്‍ 280 ശതമാനം വരെ വിലയേറിയപ്പോള്‍, ഇന്ത്യയില്‍ വില വര്‍ധന 70 ശതമാനത്തില്‍ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ് ) പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഹര്‍ദീപ് സിങ് പുരിയുടെ പ്രതികരണം. കഴിഞ്ഞ ബുധനാഴ്ച നടന്ന 13 ഒപെക് രാജ്യങ്ങളുടെ യോഗത്തിലാണ് ഇന്ധന ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്.

യുക്രെയ്‌നെതിരായ ആക്രമണങ്ങളേത്തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ യൂറോപ്പിലേക്കുള്ള വാതക വിതരണം പുനരാരംഭിക്കില്ലെന്ന് റഷ്യയും വ്യക്തമാക്കിയിരുന്നു.

അതേസമയം, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഏപ്രില്‍ മുതല്‍ 50 മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ ഇത് വിദേശത്ത് നിന്ന് വാങ്ങുന്ന ക്രൂഡിന്റെ 10 ശതമാനമാണ്. റഷ്യയും യുക്രെയ്നും തമ്മില്‍ ഇന്ധന വ്യാപാരം നടത്തുന്നതിനെതിരെ അമേരിക്കയും ബ്രിട്ടനുമടക്കം പല രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യ റഷ്യന്‍ അനുകൂല നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു.

logo
The Fourth
www.thefourthnews.in