'രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല, ഒന്നാം നമ്പർ ഭീകരവാദി'; വിവാദ പരാമർശവുമായി കേന്ദ്രസഹമന്ത്രി രവ്നീത് സിങ് ബിട്ടു
രാഹുല്‍ ഗാന്ധിയെ ഒന്നാം നമ്പർ ഭീകരവാദിയെന്ന് വിളിച്ച് കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്നീത് സിങ് ബിട്ടു. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ബിട്ടുവിന്റെ വാക്കുകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന നേതാവാണ് ബിട്ടു.
"രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. മുഴുവൻ സമയവും രാഹുല്‍ വിദേശത്താണ്. വിദേശത്തുപോയി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. രാഹുലിന് സ്വന്തം രാജ്യത്തോട് സ്നേഹമില്ല. വിഘടനവാദികളും തോക്കുകളും ബോംബുകളും നിർമ്മിക്കുന്നവരുമെല്ലാം രാഹുല്‍ പറഞ്ഞ കാര്യങ്ങളെ അഭിനന്ദിക്കുകയാണ്," ബിട്ടുവിനെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു.
വിമാനങ്ങളും ട്രെയിനുകളും തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ശത്രുക്കളെല്ലാം രാഹുലിനാണ് പിന്തുണ നല്‍കുന്നത്. ഒന്നാം നമ്പർ ഭീകരവാദിയേയും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവിനേയും പിടികൂടാൻ ഒരു അവാർഡ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് രാഹുലിന് വേണ്ടിയായിരിക്കണമെന്നും ബിട്ടു കൂട്ടിച്ചേർത്തു.
സിഖ് സമൂഹത്തെക്കുറിച്ച് രാഹുല്‍ അമേരിക്കയില്‍ നടത്തിയ പരാമർശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിഖ് സമൂഹത്തിന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും കഡ ധരിക്കാനുമായുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പോരാട്ടം നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ രാഹുല്‍ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപി പരാമർശങ്ങളെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി രാഹുല്‍ ഗാന്ധി കള്ളപ്രചാരകനാണെന്നായിരുന്നു പറഞ്ഞത്. വിദേശത്തുള്ള സിഖ് സമൂഹത്തിനിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും പുരി വിമർശിച്ചു.
എന്നാല്‍, ബിട്ടുവിന്റെ വാക്കുകള്‍ക്ക് വിലകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത്തരം പരാമർശങ്ങളോട് സഹതാപം മാത്രമാണുള്ളതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിത് വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പമുള്ള ബിട്ടുവിന്റെ രാഷ്ട്രീയ ജീവിതവും മോശമായിരുന്നെന്നും ദിക്ഷിത് ചൂണ്ടിക്കാണിച്ചു. ബിട്ടു രാഹുല്‍ ഗാന്ധിയെ ഒരുകാലത്ത് പുകഴ്ത്തിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേർന്നപ്പോള്‍ അവരോട് കൂറുകാണിക്കുകയാണെന്നും ദിക്ഷിത് പറഞ്ഞു.