ടോള്‍ പ്ലാസകള്‍ ഇല്ലാതാകും; ഇനി സാറ്റലൈറ്റ് ടോള്‍, പരിഷ്‌കരണവുമായി കേന്ദ്രം
രാജ്യത്തെ ദേശീയ പാതകളില്‍ ഉള്‍പ്പെടെ നിലവിലുള്ള ടോൾ സമ്പ്രദായത്തിൽ സമൂലമാറ്റം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇപ്പോൾ ചെയ്യുന്നപോലെ ടോൾ പ്ലാസകൾ വഴി വാഹനങ്ങൾ തടഞ്ഞുവെച്ച് ടോൾ പിരിക്കുന്ന രീതി അവസാനിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണ് ഗഡ്കരി നല്‍കുന്ന സൂചന.
സാറ്റലൈറ്റ് വഴി സഞ്ചരിക്കുന്ന ദൂരം കണക്കാട്ടി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിരിക്കുന്ന രീതിയിലേക്ക് മാറ്റുന്നതാണ് പുതിയ പരിഷ്‌കാരം. റോഡ് നികുതിയും സമാനമായ രീതിയിൽ വണ്ടികൾ സഞ്ചരിച്ച കിലോമീറ്ററുകൾ കണക്കാക്കി സാറ്റലൈറ്റ് വഴി പിരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
സാറ്റലൈറ്റ് ടോൾ പിരിവു വരുന്നതോടെ റോഡിൽ വരാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം ടോൾ പ്ലാസകൾ ഇല്ലാതാകുമെന്നതാണ്. ടോൾ പ്ലാസകളിലെ തർക്കങ്ങളും സംഘർഷങ്ങളും സ്ഥിരമായി വാർത്തകളിൽ നിറയുന്ന കാലത്ത് ടോൾ പ്ലാസകളെ തന്നെ ഒഴിവാക്കുന്ന പുതിയ രീതിക്ക് പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. സമയലാഭം മാത്രമല്ല നൽകേണ്ടുന്ന റോഡ് നികുതിയിലും വ്യത്യാസവുമുണ്ടാകും. ഉപയോഗിക്കുന്നതിനനുസരിച്ച് മാത്രമേ നികുതി നൽകേണ്ടതുള്ളൂ എന്നതുകൊണ്ട് വാഹനങ്ങളുടെ ഉപയോഗം കുറവുള്ളവർക്ക് പണം കുറച്ച് അടച്ചാൽ മതിയാകും.
ഉപഗ്രഹ സംവിധാനമുപയോഗിച്ച് ദേശീയപാതകളിലെ ടോള്‍പിരിവ് പരിഷ്‌കരിക്കുന്നതിന് ദേശീയപാത അതോറിറ്റി നേരത്തെ അന്താരാഷ്ട്ര തലത്തില്‍ താത്പര്യപത്രം ക്ഷണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടോള്‍ ബൂത്തുകള്‍ പൂര്‍ണമായി ഒഴിവാക്കി യാത്രചെയ്യുന്ന ദൂരത്തിന് ടോള്‍ ഈടാക്കുന്ന രീതിയില്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) സംവിധാനമുപയോഗിച്ച് ടോള്‍ പിരിക്കുന്നതാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ മന്ത്രിയും സുചനകള്‍ നല്‍കിയിരിക്കുന്നത്.