സമയപരിധിയില്ലെന്നത് ശരിയാണ്, അതിനർത്ഥം ഒപ്പിടരുതെന്നല്ല; പശ്ചിമ ബംഗാൾ ഗവർണറോട് സുപ്രീം കോടതി
സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസും മമതാ ബാനർജി സർക്കാരുമായുള്ള തർക്കത്തിൽ ഇടപ്പെട്ട് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നതിനർത്ഥം അതിൽ ഒപ്പിടരുതെന്നല്ലെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
ഗവർണർ സി.വി ആനന്ദ ബോസ് നിയമിച്ച സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനം ശരിവച്ച കൽക്കട്ട ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ഗവർണർ നിയമിച്ച ഇടക്കാല വൈസ് ചാൻസലർമാരുടെ അധിക സാമ്പത്തിക വേതനം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
ജസ്റ്റിസുമാരായ സൂര്യകാന്ത് , ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം സ്റ്റേ ചെയ്തത്. നൽകിയ പ്രത്യേക അനുമതി ഹർജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത് , ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
നേരത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കാൻ നിർദ്ദേശിക്കുന്ന 2023 ലെ പശ്ചിമ ബംഗാൾ യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) ബില്ലിന് ഗവർണർ ബോസ് അനുമതി നിഷേധിച്ചിരുന്നു.
ഭരണഘടനാപരമായി ബില്ലിന് ഗവർണർ അനുമതി നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നാൽ അതിനർത്ഥം അതിൽ ഒപ്പിടരുതെന്നല്ലെന്ന് ബെഞ്ച് ഓർമ്മിപ്പിച്ചു.
'വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിന്റെയും താൽപര്യം കണക്കിലെടുത്ത്' തർക്കത്തിൽ അനുരഞജനത്തിൽ എത്താനും കോടതി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷം കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം യുജിസി ചട്ടങ്ങളുമായി സർവ്വകലാശാല നിയമങ്ങൾ വിന്യസിക്കാൻ പശ്ചിമ ബംഗാൾ യൂണിവേഴ്‌സിറ്റി നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് 2023 സർക്കാർ പാസാക്കിയിരുന്നു. തുടർന്ന് സർക്കാർ ഒഴിവുകൾ നികത്താൻ 27 ഇടക്കാല വൈസ് ചാൻസലർ സ്ഥാനാർത്ഥികളുടെ പട്ടിക ഗവർണർക്ക് അയച്ചു. എന്നാൽ, ലിസ്റ്റിൽ നിന്ന് രണ്ട് പേരെ മാത്രമാണ് ഗവർണർ അംഗീകരിച്ചത്.
പിന്നീട് സർക്കാരുമായി ആലോചിക്കാതെ ഗവർണർ 13 വൈസ് ചാൻസലർമാരെ നിയമിക്കുകയും ചെയ്തു. തുടർന്ന് ഇവരെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ 13 പേരുടെ ശമ്പളം തടഞ്ഞുവെയ്ച്ചു.
ഇതിനിടെ 13 നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു റിട്ടേർഡ് പ്രൊഫസർ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. ഹർജി തള്ളിയ ഹൈക്കോടതി ഇടക്കാല വൈസ് ചാൻസലർ നിയമനങ്ങളുടെ സാധുത ശരിവെക്കുകയും ചെയ്തിരുന്നു.
ഈ നിയമിതർക്ക് താൽക്കാലിക ചുമതലയ്ക്ക് അധിക അലവൻസുകളോടൊപ്പം മുൻ ശമ്പളം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
നിയമസഭയിൽ പശ്ചിമ ബംഗാൾ യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) ബില്ല് സർക്കാർ പാസാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് പശ്ചിമ ബംഗാൾ നിയമസഭ ബിൽ പാസാക്കിയത്, കഴിഞ്ഞ വർഷം പാസാക്കിയ ആദ്യ ബില്ലിന്റെ അനുമതി ഗവർണർ തടഞ്ഞുവച്ചിരുന്നു. രണ്ടാമത്തെ ബില്ലിന്് ഗവർണർ ബോസ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.