മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം; യുപിയിലെ വിവാദ സ്‌കൂള്‍ പൂട്ടി

മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം; യുപിയിലെ വിവാദ സ്‌കൂള്‍ പൂട്ടി

സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ അവര്‍ക്ക് സമീപത്തുള്ള മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
Updated on
1 min read

മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ പൂട്ടി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ സ്‌കൂള്‍ അടച്ചിടാന്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം ഈ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ അവര്‍ക്ക് സമീപത്തുള്ള മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗുണനപ്പട്ടിക തെറ്റിച്ച മുസ്ലിം വിദ്യാര്‍ഥിയെ തല്ലാന്‍ സഹപാഠികളോട് അധ്യാപിക ത്രിപ്ത ത്യാഗി ആവശ്യപ്പെടുന്ന വിവാദ വീഡിയോ പുറത്തുവന്നത്. ഇതോടെ ഇവര്‍ക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ ത്രിപ്ത ത്യാഗി മുസ്ലിം വിദ്യാര്‍ഥിക്കെതിരേ വീഡിയോയില്‍ വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചുവെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല.

ക്ലാസില്‍ ഗുണന പട്ടിക പഠിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പട്ടിക തെറ്റിച്ചതിന്റെ പേരില്‍ അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ചില കുട്ടികള്‍ എത്തി കുട്ടിയുടെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം. അധ്യാപികയുടെ നടപടികക്കെതിരേ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ മാറിമാറി മുഖത്ത് അടിക്കുമ്പോൾ അധ്യാപികയായ ത്രിപ്ത ത്യാഗി വീണ്ടും കുട്ടികളെ മർദിക്കാൻ പ്രചോദിപ്പിക്കുന്നതായി 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. അടികൊണ്ട് കുട്ടി കരയുമ്പോഴും എന്തുകൊണ്ടാണ് കൂടുതൽ ശക്തമായി തല്ലാത്തതെന്നാണ് അധ്യാപികയുടെ ചോദ്യം.

അതേസമയം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ന്യായീകരണവുമായി ത്രിപ്ത ത്യാഗി രംഗത്തു വന്നിരുന്നു. സംഭവത്തില്‍ തനിക്ക് കുറ്റബോധം തോന്നുന്നില്ലെന്നു പറഞ്ഞ അവര്‍ 'നിസാരമായ വിഷയം' എന്നാണ് വിഷയത്തെ പരാമര്‍ശിച്ചത്. താൻ ഭിന്നശേഷിക്കാരിയാണെന്നും ത്രിപ്ത ത്യാഗി പറയുന്നു. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിന് ശേഷം ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയെന്നും അധ്യാപിക ആരോപിച്ചു. ഹോംവർക് ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാൻ നിർദേശിച്ചതെന്നു പറഞ്ഞ അവര്‍ മകനോട് കർശനമായി പെരുമാറണമെന്ന് മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നതായും പറഞ്ഞു.

''ഗൃഹപാഠം ചെയ്യിക്കാൻ വേണ്ടിയാണ് മറ്റുള്ള കുട്ടികളോട് അടിക്കാൻ പറഞ്ഞത്. വർഗീയ വിദ്വേഷമല്ല സംഭവത്തിന് പിന്നിൽ. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിന് ശേഷം ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയെന്നും അധ്യാപിക ആരോപിച്ചു. കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. അവരെല്ലാം എന്റെ കുട്ടികളെപ്പോലെയാണ്, ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു. പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റി" അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നശേഷിക്കാരിയായ തനിക്ക് കുട്ടിയെ തല്ലാന്‍ കഴിയില്ലെന്നും എന്നാല്‍ കുട്ടിയുടെ പഠനനിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായി ചെറിയ ശിക്ഷ നല്‍കാന്‍ സഹപാഠികളെ നിയോഗിക്കുകയായിരുന്നവെന്നും ചൂണ്ടിക്കാട്ടി. താന്‍ വളരെ വര്‍ഷമായി ഗ്രമത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്നയാളാണെന്നും അച്ചടക്കത്തോടെ കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നു ഗ്രമീണര്‍ക്ക് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in