പഞ്ചായത്തുകളില്‍ പണമടയ്ക്കാന്‍ യുപിഐ; കേന്ദ്ര നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയത് എട്ട് സംസ്ഥാനങ്ങള്‍ മാത്രം
പഞ്ചായത്തുകളിൽ യുപിഐ സംവിധാനം ഉപയോഗിച്ച് പണമടയ്ക്കാനുള്ള സംവിധാനം ഒരുക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പൂർണമായി നടപ്പാക്കിയത് എട്ട് സംസ്ഥാനങ്ങൾ മാത്രം. കേരളം, മധ്യപ്രദേശ്, കർണാടക, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തരാഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഒക്ടോബർ 12 വരെയുള്ള കണക്കുകൾ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ മേയ് മാസത്തിലാണ് ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ 2.62 ലക്ഷം പഞ്ചായത്തുകളിലും യുപിഐ സേവനങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയത്. ആഗസ്റ്റ് 15 ന് പദ്ധതി നടപ്പിലാക്കി തുടങ്ങാനായിരുന്നു പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ തീരുമാനം.
എന്നാൽ മേയ് മാസത്തിൽ നിർദ്ദേശം നൽകി 5 മാസം കഴിയുമ്പോൾ ഏട്ട് സംസ്ഥാനങ്ങൾ മാത്രമാണ് പദ്ധതി പൂർണമായി നടപ്പാക്കിയത്. എന്നാല്‍ രാജ്യത്തെ 2.62 ലക്ഷം പഞ്ചായത്തുകളിൽ 1.69 ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ 65 ശതമാനത്തിലധികം പഞ്ചായത്തുകളും പദ്ധതി പൂർത്തിയാക്കിയതായാണ് മന്ത്രാലയത്തിന്റെ അവകാശവാദം.
നിലവിൽ പദ്ധതികൾ തുടങ്ങാൻ കഴിയാത്ത സംസ്ഥാനങ്ങളുണ്ടെന്ന് പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ഉത്തർപ്രദേശ് (58,610), ആന്ധ്രാപ്രദേശ് (13,998 പഞ്ചായത്തുകൾ), ഗുജറാത്ത് (14,901 പഞ്ചായത്തുകൾ) തുടങ്ങിയ സംസ്ഥാനങ്ങളുടെ 96 ശതമാനം പഞ്ചായത്തുകളിലും യുപിഐ സേവനം ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട്.
28,288 പഞ്ചായത്തുകളുള്ള മഹാരാഷ്ട്രയിൽ 75 ശതമാനത്തിലധികം പഞ്ചായത്തുകളും (20,928) യുപിഐ സേവനം നടപ്പാക്കിയിട്ടുണ്ട്. അതേസമയം ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, ഗോവ, ബീഹാർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, മിസോറാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കാര്യമായ പുരോഗതി പദ്ധതിയിൽ ഉണ്ടായിട്ടില്ല. ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതക്കുറവും മറ്റുപ്രശ്‌നങ്ങളുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചില സംസ്ഥാനങ്ങൾക്ക് പദ്ധതി തുടങ്ങാൻ സാധിക്കാത്തതിന് കാരണം. പദ്ധതി ഇതുവരെ ആരംഭിക്കാത്ത സംസ്ഥാനങ്ങളുമുണ്ട്.
പഞ്ചായത്തുകളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുക, വരുമാനം കൂടുതൽ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നികുതി, പെർമിറ്റ് ഫീസ് തുടങ്ങിയവയാണ് പഞ്ചായത്തുകളിൽ നിന്നുള്ള പ്രധാനവരുമാനങ്ങൾ. യുപിഐ സേവനങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വരുമാന വർധനവുണ്ടായതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.