നീറ്റ് പിജി പരീക്ഷയ്ക്ക് മാറ്റമില്ല; പരീക്ഷ നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

നീറ്റ് പിജി പരീക്ഷയ്ക്ക് മാറ്റമില്ല; പരീക്ഷ നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും ദീപങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം
Updated on
1 min read

2023 -2024 നീറ്റ് പിജി പരീക്ഷ മാറ്റി വെയ്ക്കില്ല. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മാർച്ച് അഞ്ചിനാണ് നീറ്റ് പിജി പരീക്ഷ.

ഇന്റേൺഷിപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്ടർമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് മാസത്തേക്ക് പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത്തവണ നീറ്റ് പിജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം ഡോക്ടര്‍മാരില്‍ 1.3 ലക്ഷം പേരും കഴിഞ്ഞ വര്‍ഷം ബിരുദം നേടിയവരാണെന്നും ഇത്തവണ ബിരുദം നേടിയ ഡോക്ടർമാർക്ക് തയ്യാറെടുക്കാൻ ആവശ്യമായ സമയം ലഭിച്ചില്ലെന്നും ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശങ്കര നാരായണന്‍ കോടതിയെ അറിച്ചു. തിരക്കിട്ട് പരീക്ഷ നടത്തേണ്ട ആവശ്യം എന്താണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ചോദ്യം .

അതേ സമയം ആറ് മാസം മുന്‍പ് പരീക്ഷ തീയതി പ്രഖ്യാപിച്ചിരുന്നുവെന്നാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ട് സുപ്രീം കോടതിയെ അറിയിച്ചത്. ആറായിരം വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷ നീട്ടണമെന്ന ആവശ്യക്കാരെന്നും , ഒരു ന്യൂനപക്ഷത്തിന് വേണ്ടി പരീക്ഷ മാറ്റേണ്ടതില്ലെന്നും അവർ നിലപാടെടുത്തു.

മാര്‍ച്ച അഞ്ചിനാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡും പ്രസിദ്ധീകരിച്ചു കഴിഞ്ഞു . ഇതിനിടയിലായിരുന്നു ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചത്.

logo
The Fourth
www.thefourthnews.in