ലഖിംപൂർ ഖേരി കര്‍ഷക കൊലപാതകം: ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം; ഒരാഴ്ചക്കകം യുപി വിടണമെന്ന് സുപ്രീം കോടതി

ലഖിംപൂർ ഖേരി കര്‍ഷക കൊലപാതകം: ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം; ഒരാഴ്ചക്കകം യുപി വിടണമെന്ന് സുപ്രീം കോടതി

കേസിന്റെ വിചാരണ നിരീക്ഷിക്കുമെന്നും സുപ്രീം കോടതി
Updated on
1 min read

ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ നാല് കർഷകർ അടക്കം അഞ്ച് പേരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം. കര്‍ശന ഉപാധികളോടെ എട്ടാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചത്.

ജാമ്യ കാലയളവിൽ ഡൽഹിയിലോ ഉത്തർ പ്രദേശിലോ സമീപ പ്രദേശങ്ങളിലോ താമസിക്കരുതെന്നും, ജാമ്യം ലഭിച്ച് ഒരാഴ്ചക്കകം സംസ്ഥാനം വിടണമെന്നും ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി വ്യക്തമാക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ആശിഷ് മിശ്രയോ കുടുംബമോ അനുയായികളോ നടത്തുന്ന ഏതൊരു ശ്രമവും ജാമ്യം റദ്ദാക്കാൻ ഇടയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലഖിംപൂർ ഖേരി കര്‍ഷക കൊലപാതകം: ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം; ഒരാഴ്ചക്കകം യുപി വിടണമെന്ന് സുപ്രീം കോടതി
'ലഖിംപൂര്‍ ഖേരി കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കും'; സുപ്രീംകോടതിയില്‍ വിചാരണ കോടതി

പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം. വിചാരണ കോടതി നടപടികളിൽ പങ്കെടുക്കാൻ മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാൻ പാടുള്ളൂ. വിചാരണ വൈകിപ്പിക്കാൻ മിശ്ര ശ്രമിക്കുന്നതായി കണ്ടെത്തിയാലും ജാമ്യം റദ്ദാക്കും. വിചാരണക്കോടതി നടപടികളിൽ സ്ഥിരമായി പങ്കെടുക്കണം. അതിൽ യാതൊരു തരത്തിലുള്ള മാറ്റവും വരുത്താൻ പാടുള്ളതല്ല , തുടങ്ങിയവയാണ് മറ്റു വ്യവസ്ഥകൾ.

അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീം കോടതിക്ക് അയക്കാനും, സംരക്ഷിത സാക്ഷികളുടെ മൊഴിയെടുക്കുന്നതിന് മുൻഗണന നൽകാനും സുപ്രീം കോടതി വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. കേസ് പരിഗണിക്കവെ കുറ്റം തെളിയിക്കപ്പെടാതെ ഒരു പ്രതിയെ അനിശ്ചിതകാലത്തേക്ക് തടവിലാക്കരുതെന്ന് നേരത്ത സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയെന്നാണ് ആശിഷ് മിശ്രയ്ക്ക് എതിരായ കേസ്. 2021 ഒക്ടോബർ 3 ന് ആയിരുന്നു സംഭവം. ആക്രമണത്തിൽ ആകെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും 2022 ഏപ്രിലിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അത് റദ്ദാക്കിയിരുന്നു.

ഹൈക്കോടതി അപ്രസക്തമായ പരിഗണനകൾ കണക്കിലെടുക്കുകയും പ്രസക്തമായ ഘടകങ്ങൾ അവഗണിക്കുകയും ചെയ്തു എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു നടപടി. ജൂലൈ 26ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളിയിരുന്നു. പിന്നാലെ ആശിഷ് മിശ്ര സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in