ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണം; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരൻമാർക്ക് ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക. ഇന്ത്യയില്‍ കുറ്റകൃത്യങ്ങളും തീവ്രവാദവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതുക്കിയ ട്രാവല്‍ അഡ്വൈസറിയില്‍ പറയുന്നത്. ജമ്മു കശ്മീരിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക് , ലേ മേഖലകള്‍ സന്ദര്‍ശിക്കുന്നതിന് തടസമില്ല. മേഖലയിലെ മറ്റ് ഭാഗങ്ങളെല്ലാം ഭീകരപ്രവര്‍ത്തനത്തിന്റേയും ആഭ്യന്തര സംഘര്‍ഷത്തിന്റേയും സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യ-പാക് അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കരുത് എന്നും യാത്ര ഉപദേശത്തിൽ പറയുന്നു.
കൂടാതെ ഇന്ത്യയിൽ ബലാത്സംഗ കേസുകള്‍ ഉയരുന്നെന്ന മുന്നറിയിപ്പും യുഎസ് തങ്ങളുടെ പൗരൻമാര്‍ക്ക് നല്‍കുന്നുണ്ട്. . വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലുമെല്ലാം ലൈംഗികാതിക്രമം പതിവാകുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ പൗരന്മാര്‍ക്ക് മഹാരാഷ്ട്രയുടെ കിഴക്ക് മുതല്‍ തെലങ്കാനയുടെ വടക്ക് വരെയുള്ള ഉള്‍പ്രദേശങ്ങളിലേക്കുള്ള അവശ്യസേവനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഈ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
നേരത്തെ പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ച് പുനഃപരിശോധിക്കണമെന്ന മുന്നറിയിപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
നേരത്തെ കാനഡയും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നായിരുന്നു കനേഡിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. സുരക്ഷിതമായ സാഹചര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാനഡ വിദേശകാര്യമന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീവ്രവാദി ആക്രമണങ്ങളുടേയും കലാപങ്ങളുടേയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.