കഴിഞ്ഞ വർഷം ഇന്ത്യക്കാർക്കായി യുഎസ് അനുവദിച്ചത് 1.4 ദശലക്ഷം വിസകൾ
2023-ൽ ഇന്ത്യക്കാർക്ക് യുഎസ് പ്രോസസ് ചെയ്തത് 1.4 ദശലക്ഷം വിസകൾ. എക്കാലത്തെയും ഉയർന്ന കണക്കാണിത്. 2022 നെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ നിന്നുള്ള വിസ അപേക്ഷകളിൽ 60 ശതമാനം വർധനവുണ്ടായതായും യുഎസ് എംബസി അറിയിച്ചു. 2023-ൽ ലോകമെമ്പാടുമുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിസ അപേക്ഷകരിൽ പത്തിലൊന്ന് ഇന്ത്യക്കാരാണ്. എല്ലാ വിസ ക്ലാസുകളിലും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ മുൻപില്ലാത്ത വിധം ഉയർന്നതായിരുന്നുവെന്നും ഡൽഹിയിലെ യുഎസ് എംബസി അറിയിച്ചു.
"വിസ പ്രോസസ്സിങ്ങിൽ നടത്തിയ മെച്ചപ്പെടുത്തലുകളും കൂടുതൽ ജീവനക്കാരെ നിയമിച്ചതും സന്ദർശക വിസകൾക്കുള്ള അപ്പോയിൻ്റ്മെൻ്റ് സമയം ശരാശരി 1,000 ദിവസങ്ങളിൽ നിന്ന് 250 ദിവസമായി രാജ്യത്തുടനീളം കുറച്ചു," നയതന്ത്ര ദൗത്യം പ്രസ്താവനയിൽ പറഞ്ഞു. മറ്റെല്ലാ വിഭാഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സമയമാണിത്.
സന്ദർശക വിസ അപേക്ഷകൾ (B1/B2) യുഎസ് മിഷൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന എണ്ണമാണ് ലഭിച്ചത്. 700,000-ൽ കൂടുതൽ സന്ദർശക വിസ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇന്ത്യക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 3.8 ലക്ഷത്തിലധികം തൊഴിൽ വിസകൾ 2023-ൽ പ്രോസസ് ചെയ്തു.
ഇന്ത്യയിലെ യുഎസ് കോൺസുലർ ടീം 2023-ൽ 1,40,000 വിദ്യാർഥി വിസകൾ അനുവദിച്ചു. മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന സംഖ്യയാണത്. തുടർച്ചയായ മൂന്നാം വർഷമാണ് യുഎസ് ഇത്രയുമധികം വിദ്യാർഥി വിസകൾ അനുവദിക്കുന്നത്. യുഎസിൽ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
ഈ വർഷം ആദ്യം മുംബൈയിൽ ജീവനക്കാരുടെ എണ്ണം കൂട്ടിയും നൂതന സാങ്കേതിക പരിഹാരങ്ങൾ ഉപയോഗിച്ചുമാണ് യുഎസ് എംബസിയും കോൺസുലേറ്റുകളും വിസ പ്രോസസിങ് വേഗത്തിലാക്കിയതെന്നും യുഎസ് എംബസി പറഞ്ഞു.
ഇന്ത്യൻ അപേക്ഷകരുടെ വിസ അപ്പോയിൻ്റ്മെൻ്റുകൾക്കായുള്ള കാത്തിരിപ്പ് സമയം കഴിഞ്ഞ രണ്ടര വർഷമായി ഉയർന്ന തോതിൽ വർധിച്ചിരുന്നു. പ്രത്യേകിച്ച് ബി 1 (ബിസിനസ്) അല്ലെങ്കിൽ ബി 2 (ടൂറിസ്റ്റ്) കാറ്റഗറി വിസ തേടുന്നവർ. വിസയ്‌ക്കായി നിരവധി അപേക്ഷകർ രാജ്യത്തിൻ്റെ നിയമപ്രകാരം നേരിട്ട് ഹാജരാകേണ്ട സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങൾ മൂലം ഇത് സാധ്യമാകാതെ വന്നതും വിസ അപേക്ഷകളുടെ കാലതാമസം വർധിപ്പിച്ചിരുന്നു.