'ആശ്വാസം പകരാൻ ഇന്ത്യക്കാരനാകണമെന്നില്ല'; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സഹായ വാഗ്ദാനവുമായി അമേരിക്ക

'ആശ്വാസം പകരാൻ ഇന്ത്യക്കാരനാകണമെന്നില്ല'; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സഹായ വാഗ്ദാനവുമായി അമേരിക്ക

സമാധാനം പുനഃസ്ഥാപിക്കുകയാണെങ്കില്‍ കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ കഴിയുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാർസെറ്റി
Updated on
1 min read

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. അക്രമസംഭവങ്ങള്‍ നേരിടുന്നതില്‍ രാജ്യത്തെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാർസെറ്റി അറിയിച്ചു.

യുഎസിനെ സംബന്ധിച്ചിടത്തോളം മണിപ്പൂർ ഒരു "മാനുഷിക ആശങ്ക" ആണെന്നും സമാധാനം പുനഃസ്ഥാപിക്കുകയാണെങ്കില്‍ കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ കഴിയുമെന്നും കൊൽക്കത്തയിൽ നടന്ന പത്രസമ്മേളനത്തിൽ ഗാർസെറ്റി വ്യക്തമാക്കി.

"മണിപ്പൂരില്‍ സമാധാനത്തിനായി ഞങ്ങൾ പ്രാർഥിക്കുന്നു. അക്രമങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നത് കാണുമ്പോള്‍, സമാധാനിപ്പിക്കാൻ ഇന്ത്യക്കാരൻ ആയിരിക്കണമെന്ന് നിർബന്ധമില്ല. ആവശ്യപ്പെട്ടാൽ, ഏതു രീതിയിലും സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യയുടെ കിഴക്കും വടക്കുകിഴക്കും അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. വടക്കുകിഴക്കൻ മേഖലയിൽ ഒട്ടനവധി സാധ്യതകളുണ്ട്. എന്നാൽ, അവയൊന്നും സമാധാനമില്ലാതെ തുടരാൻ സാധിക്കില്ല. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ പദ്ധതികളും, നിക്ഷേപവും സഹകരണവും കൊണ്ടുവരാൻ സാധിക്കും. അതിനാൽ, മണിപ്പൂരിലെ ജനങ്ങളിലും അനന്തമായ സാധ്യതകളിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്." അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിലെത്തിയ യുഎസ് അംബാസഡര്‍, പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസുമായും മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായ അമിത് മിത്രയുമായും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക കാര്യങ്ങളും, പ്രാദേശിക സഹകരണ പദ്ധതികളും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പദ്ധതികളും ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. സമാധാനത്തിനും പുരോഗതിക്കുമായി ഇരു രാജ്യങ്ങളും ഭാവിയില്‍ നിക്ഷേപം നടത്തണമെന്നും ഗാർസെറ്റി കൂട്ടിച്ചേർത്തു.

'ആശ്വാസം പകരാൻ ഇന്ത്യക്കാരനാകണമെന്നില്ല'; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സഹായ വാഗ്ദാനവുമായി അമേരിക്ക
കലാപം നേരിടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണം; തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ മണിപ്പൂർ സർക്കാരിനോട് സുപ്രീംകോടതി

മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന കലാപ സാഹചര്യം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയത്. കലാപത്തിൽ നിന്ന് കുകി വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കലാപം നേരിടാൻ സ്വീകരിച്ച നടപടികൾ, ക്രമസമാധാനപാലനം, ആയുധങ്ങൾ പിടിച്ചെടുക്കൽ, പുനരധിവാസം, ക്യാമ്പുകളിലെ വിവരങ്ങള്‍, സുരക്ഷിത സ്ഥാനം തേടി സംസ്ഥാനം വിട്ടവരുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാകണം റിപ്പോർട്ടെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജൂലൈ 10നാണ് കോടതി വീണ്ടും വിഷയം പരിഗണിക്കുക.

logo
The Fourth
www.thefourthnews.in