ഈ വർഷം ഒരു ദശലക്ഷം ഇന്ത്യക്കാർക്ക് അമേരിക്ക വിസ അനുവദിക്കും; നടപടിക്രമങ്ങള്‍ ദ്രുതഗതിയിലെന്ന് എംബസി
ഈ വർഷം ഇന്ത്യക്കാർക്കായി ഒരു ദശലക്ഷം വിസ നൽകുമെന്ന് അമേരിക്കന്‍ എംബസി. ഇന്ത്യയിലെ അമേരിക്ക എംബസിയിലും കോൺസുലേറ്റുകളിലും അമേരിക്കന്‍ മിഷൻ ഇതുവരെ രണ്ട് ലക്ഷത്തിലധികം അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഈ വർഷത്തോടെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റ ഇതര വിസ അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് അമേരിക്കന്‍ എംബസി ലക്ഷ്യമിടുന്നത്. ബിസിനസ് , ട്രാവൽ , സ്റ്റുഡന്റ് വിസ, ക്രൂ വിസ തുടങ്ങിയവയാണ് കുടിയേറ്റ ഇതര വിസ വിഭാഗങ്ങളിൽ പെടുക. ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ശനിയാഴ്ചകളിൽ പ്രത്യേക അഭിമുഖ സ്ലോട്ടുകൾ അനുവദിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ അമേരിക്കന്‍ എംബസി അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
" ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്" - എംബസി വക്താവ് വ്യക്തമാക്കി. പദ്ധതി വേഗത്തിൽ നടക്കുവാനായി അമേരിക്കന്‍ എംബസി കൂടുതൽ ജീവനക്കാരെ നിയമിച്ചു. സ്റ്റുഡന്റ് , ബിസിനസ്, ടൂറിസ്റ്റ് , സ്കിൽഡ് വർക്കർ വിസകൾ തുടങ്ങിയവ പുതുക്കാൻ അഭിമുഖം ഇല്ലാതെ ഡ്രോപ്പ്-ബോക്സ് സൗകര്യങ്ങളും ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പുതിയ മാറ്റങ്ങളോടൊപ്പം വിസയ്ക്കായി കാത്തിരിക്കേണ്ട കാലാവധിയും കുറഞ്ഞിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആളുകളെ വർക്ക് , ടൂറിസ്റ്റ് , ഇമിഗ്രേഷൻ , പെർമിറ്റ് വിസയിൽ രാജ്യത്തേക്ക് ക്ഷണിക്കുന്നത് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം
നിലവിൽ അമേരിക്കന്‍ വിസ നൽകുന്നതിൽ ചൈനയ്ക്കും മെക്സികോയ്ക്കും പിറകിലാണ് ഇന്ത്യ. എന്നാൽ ഉടൻ അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം അമേരിക്കന്‍ വിസ പോളിസികളിൽ മാറ്റം വരുത്തുകയും മുൻഗണകൾ പുനർക്രമീകരിക്കുകയും ചെയ്തിരുന്നു.
ലോകമെമ്പാടുമുള്ള ആളുകളെ ടൂറിസ്റ്റ് , ഇമിഗ്രേഷൻ , വർക്ക് പെർമിറ്റ് വിസയിൽ രാജ്യത്തേക്ക് ക്ഷണിക്കുന്നത് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ശ്രമത്തിന്റെ ഭാഗമാണ്. ഈ വർഷം പകുതിയോടെ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ വർഷം ലോകമെമ്പാടും 9 ദശലക്ഷം നോൺ-എമിഗ്രന്റ് വിസകൾ നടപടിക്രമങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചിരുന്നു. നിലവിൽ ഡൽഹിക്ക് പുറമെ മുംബൈ, ചെന്നൈ, കൊൽക്കത്ത , ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ യു എസ് എംബസിയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത്