ഫോണില്‍ 'ഹലോ' യ്ക്ക് പകരം 'വന്ദേമാതരം' ; സർക്കാർ ഉദ്യോഗസ്ഥർക്ക് നിര്‍ദേശവുമായി മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ ഫോണ്‍ ചെയ്യുമ്പോള്‍ 'ഹലോ' യ്ക്ക് പകരം 'വന്ദേ മാതരം' പറയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍. ഹലോ എന്നത് ഒരു ഇംഗ്ലീഷ് പദമാണെന്നും രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇനിയും ഹലോ ഉപയോഗിക്കരുതെന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറിയതിന് പിന്നാലെ നടത്തിയ പ്രസ്താവന ഇതോടെ വിവാദമായിരിക്കുകയാണ്.
ഓഗസ്റ്റ് 18 നകം ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കും
ഒരു സാംസ്‌കാരിക മന്ത്രി എന്ന നിലയില്‍ എല്ലാ പൗരന്‍മാരോടുമുള്ള തൻ്റെ ആദ്യ അഭ്യര്‍ത്ഥനയാണിതെന്നാണ് മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. 'വന്ദേമാതരം എന്നത് വെറുമൊരു പദമല്ല, ഓരോ ഇന്ത്യക്കാരൻ്റെയും വികാരമാണ്. അടുത്ത വര്‍ഷം ജനുവരി 26 വരെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 'വന്ദേമാതരം' ഉപയോഗിക്കണമെന്നും ഓഗസ്റ്റ് 18 നകം ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമായി എന്തെങ്കിലും ചെയ്തു കൂടെയെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഇത് എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കില്‍ ദിവസവും വന്ദേമാതരം ഉപയോഗിക്കാം എന്നാണ് ചിലരുടെ പക്ഷം. അതേസമയം ഇത് സ്വതന്ത്ര ഇന്ത്യയുടെ നാഴികക്കല്ലായ തീരുമാനമാണെന്നും ആജീവനാന്തം വന്ദേമാതരം ഉപയോഗിക്കണമെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം.
അതേസമയം ഷിൻഡെ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് പിന്നാലെ ശിവസേനയില്‍ അതൃപ്തി പുകയുകയാണ്. നേട്ടം കൊയ്തത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണെന്നാണ് ആരോപണം. പ്രധാന വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവകുപ്പും ലഭിച്ചിരിക്കുന്നത് ദേവേന്ദ്ര ഫ്ഡ്‌നാവിസിനാണ്. പ്രധാന വകുപ്പുകളെല്ലാം ബിജെപിക്ക് നല്‍കിയെന്ന അതൃപ്തിയാണ് ഒരു വിഭാഗം ശിവസേന നേതാക്കള്‍ക്കുള്ളത്.