ഷിരൂർ മണ്ണിടിച്ചിൽ: റഡാർ സൂചന ലഭിച്ച സ്ഥലത്തും ട്രക്ക് കണ്ടെത്താനായില്ല, നടപടികളിൽ വീഴ്ചയില്ലെന്ന് സിദ്ധരാമയ്യ

ഷിരൂർ മണ്ണിടിച്ചിൽ: റഡാർ സൂചന ലഭിച്ച സ്ഥലത്തും ട്രക്ക് കണ്ടെത്താനായില്ല, നടപടികളിൽ വീഴ്ചയില്ലെന്ന് സിദ്ധരാമയ്യ

റോഡിലെ മണ്ണ് 98 ശതമാനവും നീക്കിക്കഴിഞ്ഞതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണഭൈര ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു.
Updated on
1 min read

കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം ആറാം ദിവസത്തില്‍ പുരോഗമിക്കുമ്പോള്‍ മലയിടിഞ്ഞ് റോഡില്‍ വീണ മണ്ണ് ഭൂരിഭാഗവും നീക്കിക്കഴിഞ്ഞു. എന്നാല്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി കണ്ടെത്താനായിട്ടില്ല. റോഡിലെ മണ്ണ് 98 ശതമാനവും നീക്കിക്കഴിഞ്ഞതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണഭൈര ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു.

റഡാര്‍ സൂചനകള്‍ ലഭിച്ച സ്ഥലത്ത് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത പുഴയില്‍ രൂപം കൊണ്ട മണ്ണുമലയ്ക്കടില്‍ ട്രക്ക് കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

സിദ്ധരാമയ്യ
സിദ്ധരാമയ്യ

അതേസമയം, ഷിരൂര്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള നടപടിയില്‍ കര്‍ണാടകയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കാലതാമസം ഉണ്ടായി എന്ന ആരോപണം ശരിയല്ല. രക്ഷാപ്രവര്‍ത്തനത്തിന് മഴയുള്‍പ്പെടെ വെല്ലുവിളി സൃഷ്ടിച്ചെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അപകടത്തില്‍ ഇതുവരെ ഏഴു പേര്‍ മരിച്ചിട്ടുണ്ട്. കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെകൂടി ഇനി കണ്ടെത്താനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘം ഉള്‍പ്പെടെ ആറാം ദിവസത്തില്‍ തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.

അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.

logo
The Fourth
www.thefourthnews.in