പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസെന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തത്തില്‍ ഏപ്രില്‍ 10ന് സുപ്രീംകോടതി അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു
Updated on
1 min read

പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസെന്‍സിങ് അതോറിറ്റി (എസ്എല്‍എ). സുപ്രീംകോടതിയില്‍ തിങ്കളാഴ്‌ച സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എസ്എല്‍എ ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക് റൂള്‍സ് 1954ലെ റൂള്‍ 159(1) പ്രകാരമാണ് നടപടി. സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിയുടേയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തത്തില്‍ ഏപ്രില്‍ 10ന് സുപ്രീംകോടതി അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

പതഞ്ജലി ആയുർവേദ്, കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954ലെ ഡ്രഗ്‍സ് ആൻഡ് മാജിക് റെമെഡീസ് നിയമപ്രകാരം ഹരിദ്വാർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ കോടതിയെ അറിയിച്ചു.

സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസരി അവലെ, മുക്ത വതി എക്സ്ട്ര പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്ര പവർ, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്‌സ് എന്നീ ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിർമാണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിർദേശിച്ചു.

പ്രതീകാത്മക ചിത്രം
കോവിഡ് വാക്‌സിനുകള്‍ അപൂർവമായെങ്കിലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും; കോടതിയില്‍ നിര്‍മാതാക്കള്‍

ഇതിനുപുറമെ ഉത്തരാഖണ്ഡിലെ എല്ലാ ആയുർവേദ/യുനാനി മരുന്ന് നിർമാണശാലകള്‍ക്കും കർശനമായ നിർദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്. എല്ലാ ആയുർവേദ/യുനാനി മരുന്ന് നിർമാണശാലകളും 1954ലെ ഡ്രഗ് ആന്‍ഡ് മാജിക് റെമഡീസ് നിയമം കർശനമായി പാലിക്കണം. ഒരു മരുന്ന് നിർമാണശാലകളും ആയുഷ് മന്ത്രാലയത്തിന്റെതടക്കം അംഗീകാരമുണ്ടെന്ന് അവകാശവാദം ഉന്നയിക്കരുത്. പരസ്യം നല്‍കുന്നത് 2019ലെ കണ്‍സ്യൂമർ പ്രൊട്ടക്ഷന്‍ നിയമം, കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വർക്ക് നിയമം 1995, എംബ്ലംസ് ആന്‍ഡ് നെയിംസ് നിയമം 1950 എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം. ഉത്പന്നങ്ങള്‍ ലേബല്‍ ചെയ്യുമ്പോള്‍ 1945ലെ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തിലെ 161, 161 എ, 161 ബി റൂളുകള്‍ കൃത്യമായി പിന്തുടരണം അടക്കം നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in