ആശങ്കയൊഴിയാതെ ജോഷിമഠ്;
മാറ്റിപ്പാർപ്പിച്ചവർക്ക് അടിയന്തര ധസഹായം

ആശങ്കയൊഴിയാതെ ജോഷിമഠ്; മാറ്റിപ്പാർപ്പിച്ചവർക്ക് അടിയന്തര ധസഹായം

പ്രശ്നബാധിതരായ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ നല്‍കും
Updated on
1 min read

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം നേരിടുന്ന ജോഷിമഠിൽ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. പ്രശ്നബാധിതരായ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ നല്‍കും. നാശനഷ്ടങ്ങളെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കാണ് ആദ്യം സഹായം നൽകുക. സ്ഥലത്തിന്റെ വിപണിമൂല്യം അനുസരിച്ച്‌ സഹായം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തെഹ്‌രി ഗാര്‍വാളിലും ജോഷിമഠിലേതിന് സമാനമായി ഭൂമിയിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ആശങ്കയിലായ ജനങ്ങൾ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, ഭൂമി ഇടിച്ചിൽ തുടരുന്ന ജോഷിമഠ് ഇന്ന് വീണ്ടും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സന്ദർശിക്കും. ഇന്ന് രാത്രി ജോഷിമഠിൽ തുടരുന്ന അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തും.

ഔദ്യോഗിക കണക്കുപ്രകാരം 723 കെട്ടിടങ്ങളിലാണ് ജോഷിമഠില്‍ വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. 131 കുടുംബങ്ങളെ നിലവിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്വന്തം വീടൊഴിഞ്ഞ് വാടകവീട്ടിലേക്ക് മാറേണ്ടിവരുന്നവർക്കും സഹായം നല്‍കും. 4000 രൂപ വീതം ആറ് മാസത്തേക്ക് നൽകാനാണ് തീരുമാനം.

അതേസമയം, അപകടഭീഷണി നിലനിൽക്കുന്ന രണ്ട് ഹോട്ടലുകൾ ഒഴികെ മറ്റ് കെട്ടിടങ്ങളൊന്നും പൊളിച്ച്‌ നീക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആർ മീനാക്ഷി സുന്ദരം പറഞ്ഞു. സ്ഥലത്തെ ഏറ്റവും വലിയ ഹോട്ടലുകളായ മലാരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അപകട ഭീഷണി നിലനിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ച്‌ നീക്കുന്നതിനെ ചൊല്ലി ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതേതുടർന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ ചർച്ചകൾ നടന്നെങ്കിലും, നിലവിലെ വിലയുടെ നാലിരട്ടിയോളം നഷ്ടപരിഹാരമായി ലഭിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിന് മുന്നിൽ ചർച്ച ധാരണയാകാതെ പിരിയുകയായിരുന്നു.

ഡിസംബർ 24 മുതലാണ് ജോഷിമഠില്‍ ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം.

logo
The Fourth
www.thefourthnews.in