ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിന് ക്രൂരമര്‍ദനം; രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി, പൊള്ളലേല്‍പ്പിച്ചു

ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിന് ക്രൂരമര്‍ദനം; രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി, പൊള്ളലേല്‍പ്പിച്ചു

ദളിതനായതിനാല്‍, ക്ഷേത്രത്തില്‍ പ്രവേശിച്ചത് മുതല്‍ അക്രമികള്‍ പ്രകോപിതരായിരുന്നുവെന്ന് പരാതി
Updated on
1 min read

പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിനെ സവര്‍ണ സംഘം കെട്ടിയിട്ട് പന്തംകൊണ്ട് മര്‍ദിച്ചു. ജനുവരി ഒന്‍പതിന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സാല്‍റ ഗ്രാമത്തിലാണ് സംഭവം. ബെനോളി ഗ്രാമവാസിയായ 22കാരനായ ആയുഷിനാണ് മര്‍ദനമേറ്റതെന്ന് പോലീസ് വ്യക്തമാക്കി. ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെതുടര്‍ന്ന് സവര്‍ണ വിഭാഗത്തില്‍ പെടുന്ന ഒരു സംഘം കെട്ടിയിടുകയും രാത്രി മുഴുവന്‍ മര്‍ദിക്കുകയും പന്തം ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ആയുഷ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജനുവരി പത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആയുഷിനെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. ദളിതനായതിനാല്‍, ക്ഷേത്രത്തില്‍ പ്രവേശിച്ചത് മുതല്‍ അക്രമികള്‍ പ്രകോപിതരായിരുന്നുവെന്ന് ആയുഷിന്റെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ എസ് സി/എസ് ടി ആക്ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് അര്‍പ്പന്‍ യദുവംശി പറഞ്ഞു. സര്‍ക്കിള്‍ ഓഫീസര്‍ (ഓപ്പറേഷന്‍) പ്രശാന്ത് കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെ പേരില്‍ ദളിതര്‍ ക്രൂരമര്‍ദനം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. നാല് മാസം മുമ്പാണ് മേല്‍ജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ തല്ലിക്കൊന്നത്.

പനുവധോഖാന്‍ നിവാസിയായ കെഷ്റാമിന്റെ മകന്‍ ജഗദീഷ് ചന്ദ്രയും ഭിക്കിയസൈന്‍ നിവാസിയായ ഗീതയും ഓഗസ്റ്റ് 21ന് ഗൈരാദ് ക്ഷേത്രത്തിലാണ് വിവാഹിതരായത്. എന്നാല്‍, യുവതിയുടെ വീട്ടുകാരില്‍നിന്ന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ജഗദീഷ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സെപ്റ്റംബറില്‍ ഭാര്യ വീട്ടുകാര്‍ ജഗദീഷിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in