30 സെക്കന്‍ഡില്‍ കൊലക്കേസ് പ്രതി പിടിയില്‍; ക്യാറ്റി 'ദി ബെസ്റ്റ് കോപ്'
കൊലക്കേസ് പ്രതിയെ കണ്ടെത്താന്‍ പോലീസ് നായക്ക് വേണ്ടിവന്നത് സെക്കന്‍ഡുകള്‍ മാത്രം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിന് സമീപം ജസ്പൂരിലാണ് ക്യാറ്റി എന്ന പോലീസ് നായയുടെ ഇടപെടലില്‍ കുറ്റവാളിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തിയത്. പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്യാറ്റിക്ക് ബെസ്റ്റ് കോപ് പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. ജര്‍മന്‍ ഷപ്പേഡ് ഇനത്തില്‍ പെടുന്നതാണ് നായയാണ് ക്യാറ്റി.
ഡെറാഡൂണിന് സമീപം ഉത്തരാഖണ്ഡിലെ ജസ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് ആറിന് 21 കാരനെ ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ വയലിലായിരുന്നു ഷാക്കിബ് ഹസന്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നായയെ എത്തിച്ച് പ്രദേശം പരിശോധിക്കാന്‍ തുനിഞ്ഞ പോലീസിന് മുന്നിലേക്ക് യഥാര്‍ഥ കുറ്റവാളിയെ തന്നെ കണ്ടെത്തി നല്‍കുകയായിരുന്നു ക്യാറ്റി എന്ന പോലീസ് നായ.
ഷാക്കിബിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അല്‍പം ദുരെ കിടന്ന രക്തം പുരണ്ട തുണി മാത്രമായിരുന്നു പോലീസിന് ലഭിച്ച തെളിവ്
ഷാക്കിബിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അല്‍പം ദുരെ കിടന്ന രക്തം പുരണ്ട തുണി മാത്രമായിരുന്നു പോലീസിന് ലഭിച്ച തെളിവ്. ഇതോടെയാണ് പോലീസ് നായയെ എത്തിച്ചത്. യുവാവിന്റെ മരണത്തില്‍ പോലീസ് സംശയിക്കുന്ന ഷാക്കിബിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു പോലീസിന്റെ പരീക്ഷണം.
തുണിയില്‍ നിന്നും മണം പിടിച്ച് ഓടിയ ക്യാറ്റി നിരന്ന് നിന്നിരുന്ന വ്യക്തികളില്‍ രണ്ടാമതുള്ള കൊല്ലപ്പെട്ട ഷാക്കിബിന്റെ ബന്ധു ഖ്വാസിമിന് എതിരെ തിരിയുകയായിരുന്നു. ക്യാറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഖ്വാസിമിനെ ചോദ്യം ചെയ്തതോടെ ഇയാല്‍ കുറ്റം സമ്മതം നടത്തുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഷാക്കിബിനെ വകവരുത്തുകയായിരുന്നു എന്നാണ് മൊഴി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക്യാറ്റിയുടെ സഹായം ഇല്ലായിരുന്നെങ്കില്‍ കേസ് തെളിയിക്കാന്‍ കൂടുതല്‍ സമയം എടുക്കമായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. സംഭവത്തിന് പിന്നാലെ ക്യാറ്റിയെ ആദരിക്കാനും ഉത്തരാഖണ്ഡ് പോലീസ് തയ്യാറായി. ക്യാറ്റിയ്ക്കായി 2500 രൂപ അവാര്‍ഡും, ഈ മാസത്തെ ബെസ്റ്റ് ഉദ്യോഗസ്ഥന്‍ എന്ന പുരസ്‌കാരവുമാണ് നല്‍കിയത്. ഈ പുരസ്‌കാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ പോലീസ് നായയാണ് ക്യാറ്റി.