മതസ്വാതന്ത്ര്യ നിയമലംഘനം പരിശോധിക്കാൻ ഉത്തരാഖണ്ഡ്; 2018 മുതലുള്ള മിശ്രവിവാഹങ്ങൾ നിരീക്ഷണത്തിൽ
നിർബന്ധിത മതപരിവർത്തനവും മതസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനവും പരിശോധിക്കാന്‍ മിശ്ര വിവാഹങ്ങളുടെ കണക്കെടുക്കാന്‍ ഉത്തരാഖണ്ഡ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന എല്ലാ മിശ്രവിവാഹങ്ങളും നിരീക്ഷിക്കുമെന്നാണ് ഉത്തരാഖണ്ഡ് പോലീസിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ 13 ജില്ലകളിലെയും എസ്എസ്പിമാർക്കും എസ്പിമാർക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
2018 ൽ മതസ്വാതന്ത്ര്യ നിയമം നടപ്പാക്കിയതിനുശേഷം ഈ വർഷം ജൂൺ 15 വരെ നിയമം ലംഘിച്ചതിന് 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
2018 ലാണ് ഉത്തരാഖണ്ഡില്‍ മതസ്വാതന്ത്ര്യ നിയമം നടപ്പാക്കിയത്. ഇതുപ്രകാരം, മതപരിവർത്തനത്തിന് വിധേയരാകുന്നവർ മതപരിവർത്തനം നടക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും ജില്ലാ മജിസ്ട്രേറ്റിനെയോ പ്രദേശത്തെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെയോ അറിയിക്കണം. മറ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന വ്യക്തിക്ക് പുറമേ, പരിവർത്തനം നടത്തുന്ന മത പുരോഹിതനും ഇതേ നിയമം ബാധകമാണ്.
എന്നാൽ, 2018 ൽ മതസ്വാതന്ത്ര്യ നിയമം നടപ്പാക്കിയതിനുശേഷം ഈ വർഷം ജൂൺ 15 വരെ നിയമം ലംഘിച്ചതിന് 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിനാൽ, ഈ കാലയളവിൽ നടന്ന എല്ലാ മിശ്രവിവാഹങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എഡിജി വി മുരുകേശനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 21 ന് നിലവിൽ വന്ന നിയമ ഭേദഗതിക്ക് ശേഷം, നിർബന്ധിത മതപരിവർത്തനത്തിനുള്ള ശിക്ഷ കൂടുതൽ കർശനമാക്കിയിരുന്നു. നിയമം ലംഘിക്കുന്നത്, 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത് പ്രകാരം, മറ്റൊരു മതവിശ്വാസിയെ വിവാഹം ചെയ്ത വ്യക്തി മതം മാറിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഉണ്ടെങ്കിൽ, അവർ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങിയാണോ പരിവർത്തനം നടത്തിയത് എന്ന് പരിശോധിക്കും. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ, വിവാഹം കഴിച്ച കാലയളവ് കണക്കിലെടുക്കാതെ പ്രതിക്കെതിരെ പോലീസ് നടപടിയെടുക്കും. കൂടാതെ, ഇത് നിർബന്ധിത മതപരിവർത്തനമാണെന്ന് കണ്ടെത്തിയാൽ, അതിന് പിന്നിലുള്ളവർക്കെതിരെ ആവശ്യമായ നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.