സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ്; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍, നിയമസഭ അടുത്താഴ്ച വിളിച്ചുചേര്‍ക്കും
ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. യുസിസിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. അതിനുശേഷം ഉടൻ തന്നെ നിയമസഭാ സമ്മേളനം ചേര്‍ത്ത് ബിൽ പാസാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃത സിവിൽ കോഡ്. അതിനുവേണ്ടി ഭരണത്തിലേറി ഉടൻ തന്നെ യുസിസിയെക്കുറിച്ച് പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലായിരുന്നു സമിതി.
ലിംഗസമത്വത്തിനും കുടുംബ സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യാവകാശത്തിനും ഊന്നൽ നൽകുന്നതാണ് വിദഗ്ധ സമിതി റിപ്പോർട്ട് എന്നാണ് വിവരം. സ്ത്രീകളുടെ വിവാഹപ്രായം 18 ആയി നിലനിർത്തണമെന്നും കമ്മിറ്റിയുടെ ശുപാർശ ചെയ്യുന്നു. വിവാഹ രജിസ്ട്രേഷൻ, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം, സംസ്ഥാനാന്തര സ്വത്തവകാശം, പരിപാലനം തുടങ്ങിയ വ്യക്തിനിയമങ്ങൾ ഏകീകരിക്കുന്നതിലാണ് ബിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിർദ്ദിഷ്ട നിയമനിർമ്മാണം വിവാഹങ്ങൾക്കുള്ള ഏതെങ്കിലും മതപരമായ ആചാരങ്ങളെ സ്പര്ശിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ദമ്പതികൾക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണം ഏകീകരിക്കണമെന്ന നിർദേശങ്ങൾ വളരെയധികം ലഭിച്ചിരുന്നുവെന്നും സമിതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ ലിവ് ഇൻ റിലേഷനുകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തും.
മെയ് 27നായിരുന്നു സമിതിയെ നിയോഗിച്ചത്. സമിതിയുടെ കാലാവധി മൂന്ന് തവണ സർക്കാർ നീട്ടികൊടുത്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി കാലാവധി നീട്ടിയത്. യുസിസി ബില്ലിന്റെ കരട് പൂർത്തിയായെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ജൂൺ 30ന് ജസ്റ്റിസ് ദേശായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിച്ചാലുടൻ യുസിസി നടപ്പാക്കുമെന്ന് പുഷ്കർ സിങ് ധാമി നേരത്തെ അറിയിച്ചിരുന്നു. “കമ്മിറ്റി അതിന്റെ റിപ്പോർട്ട് സമാഹരിച്ച് ഞങ്ങൾക്ക് സമർപ്പിച്ചാലുടൻ, ഭരണഘടനാപരമായ പ്രക്രിയ അനുസരിച്ച് മുന്നോട്ട് പോകുകയും എത്രയും വേഗം നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും,” ധാമി പറഞ്ഞു.
രാജ്യത്താകമാനം നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്ന ഏകീകൃത സിവിൽ കോഡിന് ഉത്തരാഖണ്ഡിലെ സമിതിയുടെ പഠനം ആധാരമാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ഗുജറാത്തും യുസിസി നടപ്പിലാക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നതിന് കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ, ലോ കമ്മീഷൻ ഓഫ് ഇന്ത്യയും യുസിസിയെക്കുറിച്ച് കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.