വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം; ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്‍ കോഡ് വരുത്തുന്ന മാറ്റങ്ങള്‍
ബിജെപി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കാലങ്ങളായി ബിജെപിയും പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു ഏക സിവില്‍ കോഡ് എന്ന നിയമം. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒടുവില്‍ ഏക സിവില്‍ കോഡ് അഥവാ യുസിസി നിയമ സഭയില്‍ പാസാക്കിയിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായും ഉത്തരാഖണ്ഡ് മാറിക്കഴിഞ്ഞു.
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ കാതലായ മാറ്റമാണ് സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ നിലനിന്ന് പോരുന്ന രാജ്യത്തെ മത വിഭാഗങ്ങളെ ബില്ലിലെ വ്യവസ്ഥകളും വ്യത്യസ്ത രീതിയിലാണ് ബാധിക്കുക.
പിന്തുടര്‍ച്ചാവകാശവും ഏക വ്യക്തി നിയമവും
1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം, 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശം, മുസ്‌ലിം വ്യക്തി നിയമം തുടങ്ങിയ പിന്തുടര്‍ച്ചാവകാശങ്ങളാണ് നിലവിലെ ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്‍പ്പെട്ടിരിക്കുന്നത്. 1954ലെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തവരും ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേരും ഹിന്ദു മതവിഭാഗമാണെങ്കില്‍ ഈ അവകാശം ലഭിക്കുന്നതല്ല. അവരുടെ പിന്തുടര്‍ച്ചാവകാശം ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ തന്നെ ഉള്‍പ്പെടുന്നു.
അതേസമയം, അതത് മതവിഭാഗത്തില്‍ ഉള്‍പ്പെട്ട രീതിയില്‍ വിവാഹിതരാകുന്നവര്‍ അവരുടെ പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നതായിരിക്കും. ഈ രീതിയിലാണ് ഇപ്പോഴത്തെ പിന്തുടര്‍ച്ചാവകാശം ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡിലെ നിയമം മതങ്ങള്‍ക്കപ്പുറം എല്ലാവരെയും ഒരു പോലെ ബാധിക്കുന്നതാണ്. സിവില്‍ കോഡിലെ പിന്തുടര്‍ച്ചാവകാശം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെ പരിധിയില്‍ വരുന്നതാണ്.
യുസിസി പ്രകാരം വില്‍പ്പത്രം എഴുതാതെ മരിക്കുന്ന വ്യക്തിയുടെ ആദ്യത്തെ അന്തരാവകാശികള്‍ പങ്കാളി, കുട്ടികള്‍, മരിച്ചയാളുടെ മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരാണ്. ഇവര്‍ക്കെല്ലാവര്‍ക്കും മരിച്ച വ്യക്തിയുടെ സ്വത്തുക്കളില്‍ തുല്യ അവകാശം നല്‍കുന്നു. ഈ വ്യക്തികളുടെ അഭാവത്തില്‍ മരിച്ച വ്യക്തിയുടെ സഹോദരന്‍, സഹോദരി, അവരുടെ മക്കള്‍ എന്നിവരായിരിക്കും സ്വത്തുക്കളുടെ അവകാശികള്‍. ഇനി ഈ അവകാശികളും ഇല്ലെങ്കില്‍ മറ്റ് അടുത്ത ബന്ധുക്കള്‍ക്ക് സ്വത്ത് കൈമാറാം.
സിവില്‍ കോഡും മുസ്‌ലിം പിന്തുടര്‍ച്ചാവകാശവും
ശരീയത്ത് പ്രകാരമാണ് മുസ്‌ലിം സമുദായങ്ങളില്‍ പിന്തുടര്‍ച്ചാവകാശം നിര്‍ണയിക്കുന്നത്. ഒരു വ്യക്തിക്ക് അയാളുടെ സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമേ ഒസ്യത്ത് (വില്‍പ്പത്രം) പ്രകാരം എഴുതിവെക്കാന്‍ സാധിക്കുകയുള്ളു. പിന്തുടര്‍ച്ചാവകാശത്തില്‍ പറയുന്ന പ്രകാരം മാത്രമേ ബാക്കിയുള്ള സ്വത്തുക്കള്‍ കൈമാറാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഏകീകൃത ബില്ലില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ ജെന്‍ഡറിന്റെയും സെക്ഷ്വാലിറ്റിയുടെയും അടിസ്ഥാനത്തില്‍ ദുര്‍ബല വിഭാഗമായി കണക്കാക്കുന്ന സ്ത്രീകള്‍ക്കും ക്വീര്‍ വിഭാഗങ്ങള്‍ക്കും സ്വത്ത് ലഭിക്കാത്ത രീതിയാകും.
2018ലെ ഏകീകൃത സിവില്‍ കോഡിന്റെ റിപ്പോര്‍ട്ടില്‍ ഹിന്ദു വിഭാഗങ്ങളില്‍ ഉള്‍പ്പെടെ ചില ഭാഗങ്ങള്‍ വിധവകള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും മറ്റ് ആശ്രിതര്‍ക്കും നല്‍കണമെന്ന് ധനകാര്യ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം സമുദായത്തിന്റെ പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ചിടത്തോളം ഒന്നാം അവകാശികള്‍ മാതാവ്, മുത്തശ്ശി, ഭര്‍ത്താവ്, ഭാര്യ, മകന്റെ മകള്‍ തുടങ്ങിയവരാണ്. ഖുര്‍ആന്‍ പ്രകാരം ഇവര്‍ക്ക് പ്രത്യേക ഓഹരികളും നല്‍കുന്നു. ശേഷിക്കുന്ന സ്വത്ത് മറ്റ് അവകാശികള്‍ക്ക് കൃത്യമായ വ്യവസ്ഥകളില്‍ കൈമാറുകയും ചെയ്യുന്നു.
എന്നാല്‍, പുരുഷന്മാരായ അവകാശികള്‍ക്ക് ലഭിക്കുന്ന സ്വത്തുക്കളുടെ പകുതി മാത്രമേ സ്ത്രീകളായ അവകാശികള്‍ക്ക് ലഭിക്കുന്നുള്ളു. അതായത് ഒരു മകന് ലഭിക്കുന്ന സ്വത്തിന്റെ പകുതി മാത്രമേ മകള്‍ക്ക് ലഭിക്കുന്നുള്ളു. എന്നാല്‍ യുസിസി പ്രകാരം ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യമായി കണക്കാക്കുന്നു.
ഹിന്ദുക്കളുടെ പിന്തുടര്‍ച്ചാവകാശം സിവില്‍ കോഡും
കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഊന്നിയാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശം നിലനില്‍ക്കുന്നത്. ഇതില്‍ പരമ്പരാഗത സ്വത്തുക്കളും സ്വയം സമ്പാദിച്ച സ്വത്തുക്കളും തമ്മില്‍ വേര്‍തിരിവുകളുണ്ടാകുന്നു. അനന്തരാവകാശികളായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മൂന്ന് തലമുറയിലെ ആളുകള്‍ ഉള്‍പ്പെടുന്നതാണ് കൂട്ടുകുടുംബം. ഇവര്‍ക്കാണ് കുടുംബത്തിലെ പാരമ്പര്യ സ്വത്തിന്റെ അവകാശം.
പെണ്‍കുട്ടികള്‍ പ്രാധാന്യം നല്‍കാതിരുന്ന പിന്തുടര്‍ച്ചാവകാശത്തില്‍ 2005ല്‍ നടത്തിയ ഭേദഗതിയിലൂടെ പൂര്‍വിക സ്വത്തില്‍ അവര്‍ക്കും തുല്യ അവകാശം നല്‍കി. പിതാവ് ഉള്‍പ്പെടെയുള്ള സ്വത്തിന്റെ അവകാശികള്‍ക്ക് ഈ സ്വത്ത് വില്‍പത്രം വഴി വില്‍ക്കാനോ വിനിയോഗിക്കാനോ സാധിക്കില്ല.
അതേസമയം, യുസിസിയില്‍ പാരമ്പര്യ സ്വത്തിന്റെ അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതിനാല്‍ പാരമ്പര്യമായും, സ്വയം സമ്പാദിച്ചും ലഭിക്കുന്ന സ്വത്തിനും ഒരേ പിന്തുടര്‍ച്ചാ പദ്ധതി ബാധകമാണ്. കൂടാതെ യുസിസി ബില്ല് കൂട്ടുകുടുംബത്തെ പരിഗണിക്കുന്നുമില്ല.
ഹിന്ദു പിന്തുടര്‍ച്ചാവാകാശത്തില്‍ സ്വത്തുക്കള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തമായാണ് നല്‍കുന്നത്. വില്‍പ്പത്രം എഴുതാതെ മരിച്ച പുരുഷന്മാരെ സംബന്ധിച്ച് അയാളുടെ മക്കള്‍, മാതാവ്, ഭാര്യ, മുന്‍ഗാമികളുടെ മക്കള്‍ എന്നിവരാണ് ആദ്യത്തെ അവകാശികള്‍. പിതാവ്, സഹോദരങ്ങള്‍, രണ്ടാനമ്മ തുടങ്ങിയവര്‍ പിന്നീട് വരുന്ന അവകാശികളാണ്. മാത്രവുമല്ല, ആദ്യത്തെ അവകാശികളുടെ അഭാവത്തില്‍ മാത്രമേ ഇവര്‍ക്ക് സ്വത്തുക്കള്‍ ലഭിക്കുകയുള്ളു. അതായത് മകന്‍ മരിച്ചാല്‍ മാതാവിനും മക്കള്‍ക്കും സ്വത്തുക്കള്‍ ലഭിച്ചതിന് ശേഷമോ അവരുടെ അഭാവത്തിലോ ആണ് പിതാവിന് സ്വത്ത് ലഭിക്കുന്നുള്ളു.
ഇതേ രീതി തന്നെയാണ് വില്‍പ്പത്രം എഴുതി വെക്കാതെ സ്ത്രീകള്‍ മരിച്ചാലും. ഭര്‍ത്താവിന്റെ അനന്തരാവകാശികളായ ഭര്‍ത്താവിന്റെ പിതാവിന്റെയുള്‍പ്പെടെയുള്ളവരുടെ കാലശേഷമേ സ്ത്രീയുടെ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് സ്ഥാനമുള്ളു.
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശവും സിവില്‍ കോഡും
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തില്‍ പിതാവിന്റെയും മാതാവിന്റെയും അവകാശത്തിലും വ്യത്യാസമുണ്ട്. അനന്തരാവകാശത്തില്‍ നിന്നും പിതാവ് മാതാവിനെ പൂര്‍ണമായും ഒഴിവാക്കുന്നു. അനന്തരാവകാശ സ്വത്തില്‍ സഹോദരങ്ങള്‍ക്കും പങ്കില്ല. എന്നാല്‍ യുസിസി ബില്ല് മാതാപിതാക്കള്‍ രണ്ട് പേര്‍ക്കും സ്വത്തില്‍ തുല്യ പങ്ക് നല്‍കുന്നുണ്ട്. അതേസമയം, സഹോദരങ്ങളെ സ്വത്തില്‍ നിന്നും ഒഴിവാക്കുന്നു.
വിവാഹത്തിനും വിവാഹമോചനത്തിനും നിലവിലുള്ള നിയമങ്ങള്‍
1954ലെ സെക്യുലര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, 1869ലെ ഇന്ത്യന്‍ വിവാഹമോചന നിയമം, 1936ലെ പാഴ്സി വിവാഹ, വിവാഹമോചന നിയമം, മുസ്ലിം വിവാഹമോചന നിയമം, മുസ്ലിം സ്ത്രീകള്‍ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം, 2019, മുസ്ലിം സ്ത്രീകള്‍ (വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം, 1986 എന്നിവയിലൂടെ ക്രോഡീകരിക്കാത്ത (ശരീഅത്ത്) മുസ്ലിം നിയമം.
ഉത്തരഖണ്ഡ് യുസിസിയിലെ വിവാഹ വ്യവസ്ഥകള്‍
വിവാഹവും വിവാഹ മോചനവും പ്രത്യേക അപേക്ഷയിലൂടെ മാത്രം നടപ്പാകുന്ന നിലയിലാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍. എന്നാല്‍ വിവാഹ രജിസ്‌ട്രേഷന് മുന്നോടിയായുള്ള നോട്ടീസോ എതിര്‍പ്പുകളോ പരിഗണിക്കപ്പെടുന്നില്ല. രജിസ്‌ട്രേഷന് ശേഷം വിവാഹ രജിസ്റ്റര്‍ പൊതു പരിശോധനയ്ക്കായി ലഭ്യമാകും. ബഹുഭാര്യത്വവും വിവാഹ തട്ടിപ്പും തടയുക ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകള്‍ മുന്നോട്ട് വയ്ക്കുന്നെങ്കിലും കടുത്ത നിരീക്ഷണത്തിനാണ് സാഹചര്യം വഴിയൊരുക്കുക. മിശ്ര ജാതി, മത ദമ്പതികളെ ആയിരിക്കും ഈ സാഹചര്യം പ്രധാനമായും ബാധിക്കുക.
പുതിയ നിയമം രജിസ്റ്റര്‍ ചെയ്യാത്ത വിവാഹം സാധുവായി തുടരാന്‍ അനുവദിക്കുന്നുണ്ടെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതിന് 25,000 രൂപ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്. വിവാഹങ്ങളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനിലേക്ക് ആളുകളെ എത്തിക്കാന്‍ ശിക്ഷാ ഭീതിയാണ് ബില്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിനൊപ്പമാണ് ലിവ്-ഇന്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദ വ്യവസ്ഥയുള്ളത്. ലിവ്-ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം തടവ് ശിക്ഷയുള്‍പ്പെട നിയമം വ്യവസ്ഥ ചെയ്യുന്നു.
വ്യക്തി നിയമങ്ങളും യുസിസിയും
ഏക സിവില്‍ കോഡ് ബില്ലുകള്‍ പ്രകാരം വിവാഹങ്ങള്‍ക്ക് വിവിധ മതാചാരമോ, ചടങ്ങുകളോ ഉപയോഗിക്കാം.
ബഹുഭാര്യത്വ നിരോധനം എല്ലാ സമുദായങ്ങള്‍ക്കും ബാധമാക്കി. ഇതിനൊപ്പം ഒരിക്കല്‍ വിവാഹ മോചിതരായ ദമ്പതികളെ വീണ്ടും വിവാഹം ചെയ്യുന്ന ആചാരങ്ങള്‍ നടപ്പാക്കുന്നത് കുറ്റകരമാണ്.
നിയമം അനുവദിക്കാത്തതും മത നിയമങ്ങള്‍ അനുശാസിക്കുന്നതുമായ വിവാഹ മോചനങ്ങള്‍ യുസിസി പിഴ ചുമത്തുന്നു.
മുസ്ലീം മത നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന തലാഖ്-ഉസ്-സുന്നത്തിന്റെ രൂപത്തിലുള്ള വിവാഹമോചനം (ആര്‍ത്തവത്തിന് ഇടയിലുള്ള കാലയളവില്‍ ഭര്‍ത്താവ് വിവാഹമോചനം പ്രഖ്യാപിക്കല്‍, തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍), തലാഖ്-ഇ-ബിദ്ദത്ത് (മുത്തലാഖ്), ഖുല (ഭാര്യ മുന്‍കയ്യെടുക്കുന്ന വിവാഹമോചനം), മബ 'ആറാത്ത് (പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം), സിഹാര്‍ (ഭര്‍ത്താവ് ഭാര്യയെ ഏതെങ്കിലും സ്ത്രീയുമായി താരതമ്യം ചെയ്താല്‍) എന്നിവയും ശിക്ഷാര്‍ഹമാണ്.