രക്ഷാദൗത്യത്തിന് അഞ്ചു വഴികള്‍; വഴങ്ങാതെ പാറയും മണ്ണും, ഉത്തരാഖണ്ഡില്‍ വെല്ലുവിളികള്‍ ഏറെ

രക്ഷാദൗത്യത്തിന് അഞ്ചു വഴികള്‍; വഴങ്ങാതെ പാറയും മണ്ണും, ഉത്തരാഖണ്ഡില്‍ വെല്ലുവിളികള്‍ ഏറെ

മണ്ണിടിച്ചില്‍ സാധ്യതയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസ്സങ്ങളില്‍ ഒന്ന്
Updated on
3 min read

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ടണല്‍ തകര്‍ന്ന് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടു തൊഴിലാളികളുടെ നിലവിലെ സാഹചര്യം വിലയിരുത്തിയ രക്ഷാസംഘം, വാക്കിടോക്കിയിലൂടെ ആശയവിനിമയം നടത്തിയത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. തൊഴിലാളികള്‍ക്ക് മരുന്നും വെള്ളവും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചുനല്‍കി. വരും മണിക്കൂറുകളില്‍ ശുഭകരമായ വാര്‍ത്ത പുറത്തുവരുമെന്ന പ്രതീക്ഷയില്‍ പതിനൊന്നാം ദിവസവും രാജ്യം കാത്തിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് വഴികള്‍

രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ച് മാര്‍ഗങ്ങളാണ് പ്രധാനമായും സ്വീകരിക്കുന്നത്. ആദ്യം ടണലിന്റെ കവാടത്തില്‍ നിന്ന് തുരന്ന് തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താനായിരുന്നു പദ്ധതി. എന്നാല്‍, ഈ ശ്രമം വിജയം കാണാതെ വന്നതോടെ, മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് രക്ഷാസംഘങ്ങള്‍ ആലോചിച്ചു. തുടര്‍ന്നാണ് അഞ്ചിടത്ത് സമാന്തര തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

രക്ഷാദൗത്യത്തിന് അഞ്ചു വഴികള്‍; വഴങ്ങാതെ പാറയും മണ്ണും, ഉത്തരാഖണ്ഡില്‍ വെല്ലുവിളികള്‍ ഏറെ
'അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ'; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍

സിക്യാരയിലെ ടണലിന്റെ മുന്‍ ഭാഗത്തുനിന്ന് നാഷണല്‍ ഹൈവെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഒരു സംഘം ടണല്‍ മൂടിക്കിടിക്കുന്ന അവശിഷ്ടങ്ങള്‍ തുരക്കാന്‍ ശ്രമം തുടരുന്നുണ്ട്. 22 മീറ്റര്‍ തുരന്നെങ്കിലും വെള്ളിയാഴ്ച തടസ്സം നേരിട്ടത്തിനെ തുടര്‍ന്ന് തുരക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇത് പുനരാരംഭിച്ചിട്ടുണ്ട്. 900 മീറ്റര്‍ വീതിയുള്ള പൈപ്പ് ഈ തുരങ്കത്തിലൂടെ കടത്തിവിടാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍, പാറയില്‍ തട്ടി മെഷീന്‍ തകര്‍ന്നതോടെ തുരക്കല്‍ നിര്‍ത്തേണ്ടിവന്നു. 22 മീറ്റര്‍ മാത്രമാണ് തുരക്കാന്‍ സാധിച്ചത്.

വശങ്ങളില്‍ നിന്ന് തുരക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ രക്ഷാ സംഘമാണ് വശങ്ങളില്‍ നിന്ന് തുരക്കുന്നത്. തുരങ്ക കവാടത്തിന്റെ ഇടതുവശത്തായി 280 മീറ്റര്‍ ദൂരത്തിലാണ് മൈക്രോ ഡ്രില്ലിങ് നടത്തുന്നത്. നാസിക്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനുവേണ്ടി ഡ്രില്ലിങ് മെഷീനുകള്‍ എത്തിച്ചത്.1.2 മീറ്റര്‍ വീതിയിലും 170 മീറ്റര്‍ വീതിയിലുമാണ് ഈ രീതിയില്‍ തുരക്കുന്നത്.

രക്ഷാദൗത്യത്തിന് അഞ്ചു വഴികള്‍; വഴങ്ങാതെ പാറയും മണ്ണും, ഉത്തരാഖണ്ഡില്‍ വെല്ലുവിളികള്‍ ഏറെ
രക്ഷപ്പെടാനുള്ള വഴികൾ നിർമിച്ചില്ല; ഉത്തരാഖണ്ഡിലെ തുരങ്ക നിർമാണത്തിൽ ഗുരുതരവീഴ്ച?

മുകളില്‍ നിന്ന് താഴേക്ക് തുരക്കാനുള്ള നീക്കത്തെ കുറിച്ചും രക്ഷാ സംഘം ആലോചിക്കുന്നുണ്ട്. 1.2 മീറ്റര്‍ വീതിയിലാണ് മുകളില്‍ നിന്ന് താഴേക്ക് തുരക്കാന്‍ പദ്ധതിയിടുന്നത്. തുരങ്ക കവാടത്തില്‍ നിന്ന് 320 മീറ്റര്‍ മാറിയാണ് മുകളില്‍ നിന്ന് താഴേക്ക് തുരക്കാന്‍ ഉദ്ദേശിക്കുന്നത്. സത്‌ലജ് ജല്‍ വിദ്യുത് നിഗം ആണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഡ്രില്‍ ചെയ്യാന്‍ വേണ്ടിയുള്ള ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മെഷീനുകള്‍ കൂടി എത്തിക്കും.

രണ്ടാമതൊരു തുരങ്കം കൂടി മുകളില്‍ നിന്ന് തുരക്കുന്നുണ്ട്. ഓയില്‍ ആന്റ് നാചുറല്‍ കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ആണ് നേതൃത്വം നല്‍കുന്നത്. ടണലിന്റെ അവസാനത്തില്‍ നിന്ന് 480 മീറ്റര്‍ മാറിയാണ് ഇതിന് വേണ്ടി മാര്‍ക്ക് ചെയ്തിരിക്കുന്നത്. 325 മീറ്റര്‍ താഴ്ചയിലായിരിക്കും ഈ തുരങ്കം നിര്‍മ്മിക്കുന്നത്. യുഎസ്, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് മെഷീനുകല്‍ എത്തിച്ചിരിക്കുന്നത്.

ബാര്‍ക്കോട്ടില്‍ ടണല്‍ അവസാനിക്കുന്നിടത്ത് നിന്ന് 483 മീറ്റര്‍ തിരശ്ചീനമായ തുരങ്കവും നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്. ടെഹ്‌റി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഈ ശ്രമത്തിന് നേതൃത്വം നല്‍കുന്നത്.

ദുഷ്‌കരം രക്ഷാപ്രവര്‍ത്തനം

മണ്ണിടിച്ചില്‍ സാധ്യതയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസ്സങ്ങളില്‍ ഒന്ന്. പലമേഖലയിലും മണ്ണിന് പലതരം സ്വഭാവമാണ്. ചിലയിടങ്ങളില്‍ മണ്ണിന് തീരെ ബലമില്ലാത്ത അവസ്ഥയാണെങ്കില്‍, ചിലയിടങ്ങളില്‍ കട്ടി കൂടുതലാണ്. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കാഠിന്യമേറിയതും വഴങ്ങാത്തതുമായ പാറക്കൂട്ടമാണ് മറ്റൊരു വലിയ വെല്ലുവിളി. പാറയുടെ കാഠിന്യം കാരണം ഡ്രില്ലിങ് മെഷീനുകള്‍ കേടാകുന്നതും വെല്ലുവിളിയാണ്.

രക്ഷാദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളില്‍, ആവശ്യമായ മെഷീനുകളുടേയും വിഗദഗ്ധരുടേയും അഭാവം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. എന്നാല്‍, തായ്‌ലന്‍ഡ്, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ സംഘവും മെഷീനുകളും എത്തിയതോടെ, ഈ പ്രതിസന്ധി ഏറെക്കുറെ മറികടക്കാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനായി ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) രണ്ട് റോബോട്ടുകളെ എത്തിച്ചിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

രക്ഷാപ്രവര്‍ത്തനം തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നടക്കുന്ന പ്രദേശത്ത് നിന്ന് തത്സമയം സംപ്രേഷണം നല്‍കി വിഷയത്തെ പെരുപ്പിച്ചു കാണിക്കരുതെന്ന് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും മുന്നറിയിപ്പുണ്ട്. വിഷയം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും തലക്കെട്ടുകള്‍ നല്‍കുമ്പോഴും അപകടത്തില്‍പ്പെട്ട തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ മാനസ്സികാവസ്ഥ പരിഗണിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in