സില്‍ക്യാരയിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ രക്ഷാപ്രവർത്തകർ; തൊഴിലാളികളുടെ ദുരിതം പതിനഞ്ചാം ദിവസത്തില്‍

സില്‍ക്യാരയിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ രക്ഷാപ്രവർത്തകർ; തൊഴിലാളികളുടെ ദുരിതം പതിനഞ്ചാം ദിവസത്തില്‍

നിലവില്‍ ഇതുവരെ 46 മീറ്ററാണ് രക്ഷാപ്രവര്‍ത്തകര്‍ തുരന്നിരിക്കുന്നത്
Updated on
1 min read

ഉത്തരകാശിയില്‍ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളുടെ ദുരിതം 15-ാം ദിവസത്തില്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് പറയുമ്പോഴും ഇത്ര ദിവസത്തിനുള്ളില്‍ പോലും അവരെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത നിരാശയിലാണ് രാജ്യം. എത്രയും പെട്ടെന്ന് തൊഴിലാളികളെ പുറത്തെത്തിക്കുമെന്നായിരുന്നു രണ്ട് ദിവസം മുമ്പ് വരെയുള്ള പ്രതീക്ഷ.

എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഏറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ യന്ത്രത്തിലെ ബ്ലേഡ് ഇരുമ്പ് പൈപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഡ്രില്ലിങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും മന്ദഗതിയിലായിരിക്കുകയാണ്.

തുരങ്കത്തിലെ 57 മീറ്റര്‍ പാറകളും കോണ്‍ഗ്രീറ്റുകളും തിരശ്ചീനമായി തുരക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മണ്ണിനുള്ളില്‍ ഉണ്ടായിരുന്ന ഇരുമ്പ് ദണ്ഡിലും നിര്‍മാണ വാഹനങ്ങളിലും യന്ത്രം ഇടിക്കുകയായിരുന്നു. ഇതോടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികള്‍ക്ക് വെറും ഒമ്പത് മീറ്റര്‍ അകലെ ഓഗര്‍ എന്നറിയിപ്പെടുന്ന ഡ്രില്ലിങ് ഉപകരണം കേടാകുകയായിരുന്നു.

സില്‍ക്യാരയിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ രക്ഷാപ്രവർത്തകർ; തൊഴിലാളികളുടെ ദുരിതം പതിനഞ്ചാം ദിവസത്തില്‍
തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കുമെന്ന് പ്രതീക്ഷ; 'രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമെന്ന്' സേനാംഗം

ബാക്കിയുള്ള ഒമ്പത് മീറ്ററില്‍ യന്ത്രസഹായം ഇല്ലാതെയായിരിക്കും രക്ഷാപ്രവര്‍ത്തനം സാധ്യമാകുകയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഡിഡബ്ല്യു റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നും തുളയ്ക്കാന്‍ ഓഗര്‍ ഉപയോഗിച്ച സമയത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ സയ്യിദ് അത ഹസ്‌നൈന്‍ പറഞ്ഞു. ഈ പ്രവര്‍ത്തനം ഇനിയും നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളെ പുറത്ത് കൊണ്ടുവരാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും പ്രതികരിച്ചു.

തൊഴിലാളികളെ മുകളിലേക്കെത്തിക്കാന്‍ മറ്റ് വഴികളും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, പുതിയ യന്ത്രം കൊണ്ടുവന്ന് പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെ മലമുകളില്‍ എത്തിച്ച് ഇവിടെനിന്ന് പുതുതായി ഒരു തുരങ്കം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. എന്നാല്‍, ഇത് വെല്ലുവിളി നിറഞ്ഞതാണ്. മണ്ണിന്റെ ബലക്കുറവ് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കും. നിലവില്‍ ഇതുവരെ 46 മീറ്ററാണ് രക്ഷാപ്രവര്‍ത്തകര്‍ തുരന്നിരിക്കുന്നത്. ഇനി 12 മീറ്ററും കൂടിയാണ് തുരക്കാനുള്ളത്.

അതേസമയം, 15 സെന്റീമീറ്റര്‍ പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് അരിയും പയറും നല്‍കുന്നുണ്ട്. മറ്റൊരു പൈപ്പിലൂടെ ഓക്‌സിജനും വിതരണം ചെയ്യുന്നു. തൊഴിലാളികളുടെ ആരോഗ്യം വിശകലനം ചെയ്യുന്നതിനായി മാനസികാരോഗ്യ വിദഗ്ധരടക്കമുള്ള ഡോക്ടര്‍മാര്‍ തുരങ്കത്തിന് പുറത്തുണ്ട്.

തൊഴിലാളികള്‍ക്ക് ആറ് ഇഞ്ച് പൈപ്പ് വഴി മൊബൈല്‍ ഫോണുകളും നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എലും അറിയിച്ചു. ഈ മാസം 12 നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.

logo
The Fourth
www.thefourthnews.in