കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 65 കുട്ടികൾ മരിച്ച സംഭവം; ഇന്ത്യന്‍ മരുന്ന് കമ്പനിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി
ഉസ്ബെക്കിസ്ഥാനില്‍ 65 ഓളം കുട്ടികളുടെ മരണത്തിന് കാരണമായെന്ന പേരില്‍ അടച്ചുപൂട്ടിയ ഇന്ത്യന്‍ കഫ് സിറപ്പ് കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് മാരിയോണ്‍ ബയോടെക്ക് എന്ന കമ്പനിയുടെ ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഉസ്ബെക്കിസ്ഥാന്‍, ഗാമ്പിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളിലെ 141 കുട്ടികളുടെ മരണത്തിന് മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ കഫ് സിറപ്പ് ഉപയോഗമാണെന്ന് ലോകാരോഗ്യ സംഘടനയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ ആരോപിച്ചിരുന്നു.
സ്വാഭാവിക നീതി പരിഗണിച്ച് കമ്പനിയുടെ പ്രവര്‍ത്തനാനുമതി ഭാഗികമായി അംഗീകരിക്കുന്നു എന്നാണ് ഉത്തര്‍പ്രദേശിലെ ഡ്രഗ് കണ്‍ട്രോളറുടെ നിലപാട്
എന്നാല്‍, ആരോപണ വിധേയമായ കഫ് സിറപ്പ് ഒഴികെ കമ്പനിയില്‍ നിന്ന് നിര്‍മിക്കുന്ന മറ്റ് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലായ്മ ഇല്ലെന്ന വിലയിരുത്തിയാണ് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവിക നീതി പരിഗണിച്ച് കമ്പനിയുടെ പ്രവര്‍ത്തനാനുമതി ഭാഗികമായി അംഗീകരിക്കുന്നു എന്നാണ് ഉത്തര്‍പ്രദേശിലെ ഡ്രഗ് കണ്‍ട്രോളര്‍ ശശി മോഹന്‍ ഗുപ്ത നല്‍കിയ പ്രവര്‍ത്തനാനുമയില്‍ വ്യക്തമാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രൊപിലിന്‍ ഗ്ലൈക്കോള്‍(കഫ് സിറപ്പിന്റെ ഘടകം) ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ലെന്നും മറ്റ് എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാമെന്നും ഉത്തരവില്‍ പറയുന്നു. കമ്പനിയുടെ അപ്പീല്‍ പ്രകാരം ഓഗസ്റ്റ് 11നാണ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രാലയം നല്‍കിയത്.
അതേസമയം, ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാന്‍ ശശി മോഹന്‍ ഗുപ്ത തയ്യാറായില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കമ്പനിക്ക് തിരുത്താനും പരിഹരിക്കാനുമുള്ള പദ്ധതി ആരംഭിക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രാജീവ് സിങ്ങ് രഘുവംശി കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാരിയോണ്‍, അമ്പ്രനോല്‍, DOk-1 മാക്‌സ് എന്നീ കമ്പനികള്‍ നിര്‍മിച്ച കഫ് സിറപ്പുകളില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്ത അസ്വീകാര്യമായ അളവില്‍ വിഷാംശമായ ഡൈഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉസ്ബകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ മാരിയോണ്‍ കമ്പനി അടച്ചു പൂട്ടുന്നത്. ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ മാരിയോണ്‍ കമ്പനി നിര്‍മിക്കുന്ന സിറപ്പിന്റെ 22 സാമ്പിളുകള്‍ മായം കലര്‍ന്നതും വ്യാജവുമാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ ഇക്കാര്യം കേന്ദ്ര ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കിയതുമാണ്. മാരിയോണ്‍ കമ്പനിയില്‍ നിന്നെടുത്ത പ്രൊപ്പിലിന്‍ ഗ്ലൈക്കോളില്‍ എഥിലിന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു.
മലിനമായ മാരിയോണ്‍ സിറപ്പിന്റെ വിതരണക്കാര്‍ നിര്‍ബന്ധിത പരിശോധനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് 33,000 ഡോളര്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് ഉസ്ബക്കിസ്ഥാനിലെ പ്രോസിക്യൂട്ടര്‍മാര്‍ ഓഗസ്റ്റില്‍ തഷ്‌കന്റില്‍ വാദിച്ചിരുന്നു. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് ഉസ്ബെക്കിസ്ഥാന്‍ 20 ഉസ്‌ബെക് പൌരന്‍മാരെയും ഒരു ഇന്ത്യക്കാരനെയും വിചാരണ ചെയ്തിരുന്നു.