ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവര്‍ക്ക് പൂജ നടത്താന്‍ കോടതി അനുമതി
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതിയുടെ അനുമതി. മസ്ജിദിനു താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നില്‍ പൂജചെയ്യാനാണ് അനുമതി നല്‍കിയത്. ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ഒരുക്കണമെന്നു റിസീവര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതിനുവേണ്ടി ഇരുമ്പുവേലി സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൂജ ഏഴു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും എല്ലാവര്‍ക്കും ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പ്രതികരിച്ചു. 2002-ല്‍ ഈ നിലവറ സുപ്രീംകോടതി സീല്‍ ചെയ്തിരുന്നു. പിന്നീട് മസ്ജിദില്‍ സര്‍വേ നടത്തിയ ശേഷമാണ് ഈ നിലവറ തുറന്നത്.
മസ്ജിദിനു താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജ നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് നരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് നടന്ന സര്‍വേയില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് ജില്ലാകോടതി പാസാക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിഞ്ഞതെന്ന് കണ്ടെത്തുന്നതിന് വേണ്ടി എഎസ്‌ഐ ഗ്യാന്‍വാപി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്. 17ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തിന് മുകളിലായിരുന്നു പള്ളി പണിതതെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഡിസംബര്‍ 18ന് സീല്‍ വച്ച കവറില്‍ എഎസ്‌ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എട്ട് തവണ മാറ്റിവെച്ചതിന് തുടര്‍ന്നാണ് അന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് സര്‍വേ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സര്‍വേ റിപ്പോര്‍ട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരാണസി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ കാരണം പറയാതെയാണ് എഎസ്‌ഐ ജില്ലാ ജഡ്ജിയോട് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും എഎസ്‌ഐ പറഞ്ഞിരുന്നു.