ഗ്യാൻവാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ? - ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ഗ്യാൻവാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ? - ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താൻ കാർബൺ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു
Updated on
1 min read

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്താന്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. വാരാണസി കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന ഹര്‍ജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താൻ കാർബൺ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹര്‍ജി നല്‍കിയതെങ്കിലും കാർബൺ ഡേറ്റിംഗിന് വിധേയമാക്കിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരാൾ പിന്മാറി. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഗ്യാന്‍വാപി കേസിലെ മുഖ്യ ഹര്‍ജി. അഖില ലോക് സനാതൻ സംഘിന്റെ പ്രതിനിധികളാണ് ഹര്‍ജിക്കാരായ സ്ത്രീകള്‍.

നിത്യാരാധനയ്ക്കുള്ള അവകാശം ആവശ്യപ്പെട്ട് നല്‍കിയ ഹർജിക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപേക്ഷ സെപ്റ്റംബർ 12ന് തള്ളിയിരുന്നു. പ്ലെയ്‌സസ് ഓഫ് വർഷിപ്പ് ആക്ട് 1991 പ്രകാരം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ആരാധനാലയങ്ങൾ എങ്ങനെയാണോ നിലനിന്നത് തൽസ്ഥിതി തുടരണമെന്ന വാദമാണ് കോടതിയിൽ പള്ളി കമ്മിറ്റി പ്രധാനമായും ഉന്നയിച്ചത്.

പള്ളിക്കുള്ളിൽ ഹിന്ദു ദൈവമായ 'മാ ശൃംഗാർ ഗൗരി''യെ ആരാധിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ ശിവലിംഗമാണെന്ന് തെളിയിക്കണമെന്ന പുതിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിക്കുന്നു. ശിവലിംഗമല്ല, ജലധാരയാണ് ഇതെന്നും പള്ളി കമ്മിറ്റി കോടതിയിൽ പറഞ്ഞു.

എന്നാൽ മസ്ജിദിന്റെ ഉടമസ്ഥാവകാശമല്ല ആരാധനയ്ക്കുള്ള അവകാശം മാത്രമാണ് ഹിന്ദു സ്ത്രീകൾ ആവശ്യപ്പെടുന്നത് എന്നായിരുന്നു കേസിൽ തുടർവാദം കേൾക്കാൻ ഉത്തരവിട്ട് ജില്ലാ കോടതി വ്യക്തമാക്കിയത്. 'മാ ശൃംഗാർ ഗൗരി'യെ 1993 വരെ മസ്ജിദിൽ നിത്യവും ആരാധിച്ചിരുന്നു. അതിന് ശേഷം ഉത്തർപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിൽ വർഷത്തിലൊരിക്കലും ആരാധന നടന്നിരുന്നു. ഈ പശ്ചാത്തലം നിലനിൽക്കെ നിത്യാരാധനയ്ക്കുള്ള അവകാശം മാത്രമാണ് ഹർജിക്കാർ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ 1991ലെ പ്രത്യേക ആരാധനാലയ നിയമം ഈ കേസിൽ ബാധകമാകില്ല" എന്നായിരുന്നു കീഴ്ക്കോടതിയുടെ നിരീക്ഷണം.

logo
The Fourth
www.thefourthnews.in