ഭീമ കൊറേഗാവ് കേസില്‍ വരവര റാവുവിന് സ്ഥിര ജാമ്യം
ഭീമ കൊറേഗാവ് കേസില്‍ കവിയും ആക്ടിവിസ്റ്റുമായ പി. വരവര റാവുവിന് ജാമ്യം. വിചാരണാ തടവിലായിരുന്ന വരവര റാവുവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വരവര റാവു നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ റാവു സമർപ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷനിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചി ന്റെ വിധി.
വരവര റാവുവിന്റെ പ്രായം, ആരോഗ്യസ്ഥിതി, ജയിലിൽ ചെലവഴിച്ച രണ്ടര വർഷത്തെ കസ്റ്റഡി കാലയളവ് എന്നിവയും ബെഞ്ച് പരിഗണിച്ചു. കേസിൽ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
നേരത്തെ ബോംബെ ഹൈക്കോടതി റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മാസങ്ങൾക്കുശേഷം ഹാജരാകണമെന്ന ഹൈക്കോടതിയുടെ വ്യവസ്ഥ റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ വിധി. " ജാമ്യം അനുവദിച്ച കാലാവധിയിൽ ഹർജിക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. സാഹചര്യങ്ങളുടെ ആകെത്തുക കണക്കിലെടുക്കുമ്പോൾ ഹർജിക്കാരന് ജാമ്യത്തിന് അർഹതയുണ്ട്'' -ബെഞ്ച് നിരീക്ഷിച്ചു.
പ്രത്യേക എൻഐഎ കോടതിയുടെ അനുമതിയില്ലാതെ റാവു ഗ്രേറ്റർ മുംബൈയിൽ നിന്ന് പുറത്തുപോകരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടുകയോ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. കൂടാതെ, ഹർജിക്കാരന് അയാൾ തിരഞ്ഞെടുക്കുന്ന വൈദ്യസഹായം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് മാത്രമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ മെറിറ്റിന്റെ പ്രതിഫലനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.
ഭീമ കൊറേഗാവ് കേസിൽ നാല് വർഷം മുൻപാണ് വരവര റാവു അറസ്റ്റിലാകുന്നത്. 2021 ഫെബ്രുവരിയിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത് വരെ അദ്ദേഹം മുംബൈയിലെ തലോജ ജയിലിൽ വിചാരണ തടവിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന റാവുവിന് ആറ് മാസത്തേക്ക് ജാമ്യം നൽകിയിരുന്നു. മെഡിക്കൽ ജാമ്യം പിന്നീട് നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ റാവു നൽകിയ സ്ഥിര ജാമ്യ ഹർജി തള്ളിയ ഹൈക്കോടതി, മൂന്ന് മാസത്തിനുശേഷം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പ്രത്യേക ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി, ഇനിയൊരു ഉത്തരവുണ്ടാകും വരെ അദ്ദേഹത്തിന് ജാമ്യം നീട്ടി നൽകി.
പാർക്കിൻസൺ ഉൾപ്പെടെ വിവിധ രോഗങ്ങളാൽ റാവു ബുദ്ധിമുട്ട് നേരിടുണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ വാദിച്ചു. വിചാരണ ആരംഭിച്ചിട്ടില്ലെന്നും കുറ്റപത്രം സമർപ്പിച്ചെങ്കില്‍പോലും കുറ്റം ഇതുവരെ ചുമത്തപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. 16 പേർ ആരോപണവിധേയരായ കേസിന്റെ വാദം ഇന്ന് ആരംഭിച്ചാൽ പോലും വിചാരണ തീരാന്‍ പത്ത് വർഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.