കോവിഡ് ഡാറ്റ ചോര്‍ച്ച ഞെട്ടിക്കുന്നത്, സംസ്ഥാനം അന്വേഷണം ആവശ്യപ്പെടണം; ദ ഫോർത്തിന് അഭിനന്ദനം: വി ഡി സതീശൻ
ദ ഫോർത്ത് പുറത്തുകൊണ്ടുവന്ന കോവിഡ് വാക്‌സിനേഷന്‍ ഡാറ്റ ചോര്‍ച്ച ഞെട്ടിക്കുന്നതും ഗൗരവതരവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനം കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടണം. കേന്ദ്ര സര്‍ക്കാരിന്റെ വലിയ പരാജയമാണ് സംഭവിച്ചതെന്നും വാർത്ത പുറത്തുകൊണ്ടുവന്ന 'ദ ഫോര്‍ത്തി'നെ അഭിനന്ദിക്കുന്നതായും സതീശന്‍ പറഞ്ഞു.
'കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ യാതൊരു സുരക്ഷിതത്വമില്ലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ വലിയ പരാജയമാണ്. കേന്ദ്രം ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നു. പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നമായിത്തന്നെ മാറിയിരിക്കുകയാണിത്.
നേരത്തെ സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഹെല്‍ത്ത് ഡാറ്റയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഗൗരവത്തോടെ ഈ വിഷയത്തില്‍ അന്വേഷണം നടത്തണം. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം' വി ഡി സതീശന്‍ പറഞ്ഞു.
ഡാറ്റ ചോർച്ച സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം 'ദ ഫോര്‍ത്ത് വാര്‍ത്ത' പുറത്ത് വിട്ടതിന് പിന്നാലെ ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. നിലവില്‍ ഫോണ്‍ നമ്പര്‍ അടിച്ചു കൊടുക്കുമ്പോള്‍ 'ആധാറും നമ്പര്‍ സെര്‍ച്ചും ഇപ്പോള്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് ബോട്ടില്‍ ലഭിക്കുന്നത്.