'സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല'; പ്രഖ്യാപനവുമായി വേലുപ്പിള്ളയുടെ മകള്‍ ദ്വാരക, വീഡിയോ എഐയോ?
ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരക ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ സജീവ ചർച്ച. ഇന്നലെ ദ്വാരകയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണിത്. വീഡിയോയുടെ ആധികാരികതയാണ് നിലവില്‍ ചോദ്യം ചെയ്യപ്പെടുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങളാണോ എന്ന സംശയവും ഉയരുന്നുണ്ട്.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ശ്രീലങ്കന്‍ തമിഴ് ജനത പോരാട്ടം തുടരണമെന്ന് സ്ത്രീ ആഹ്വാനം ചെയ്യുന്ന വീഡിയോ tamiloli.net എന്ന വെബ് പോർട്ടലിലൂടെയാണ് സ്ട്രീം ചെയ്തിരിക്കുന്നത്. 14 വർഷം മുന്‍പ് ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ പ്രഭാകരനും കുടുംബവും മരണപ്പെട്ടതായി ശ്രീലങ്കന്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു.
മണ്ണിന്റെ മകള്‍ ദ്വാരക പ്രഭാകരന്റെ നയപ്രഖ്യാപനം എന്ന തലക്കെട്ടോടെ പല യൂട്യൂബ് ചാനലുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ''പ്രതിസന്ധികളും വഞ്ചനയും അതിജീവിച്ചാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്റെ ജനങ്ങളെ സേവിക്കാന്‍ ഈഴത്തില്‍ ഒരു ദിവസം എത്താനാകുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. പോരാട്ടങ്ങള്‍ക്കായുള്ള കാരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യും,'' 12 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ സ്ത്രീ പറയുന്നു.
വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനത്തോട് അനുബന്ധിച്ച് യുകെയിലുള്ള തമിഴ് ഏകോപന സമിതിയാണ് ദ്വാരകയുടെ വീഡിയോ സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിനുപിന്നാലെ തന്നെ വിദേശത്തുള്ള എല്‍ടിടി അനുഭാവികള്‍ നിർമിച്ച എഐ വീഡിയോകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ആരാണ് ദ്വാരക?
പ്രഭാകരന്‍-മതിവതിനി ദമ്പതികളുടെ മകളായി 1986-ല്‍ ജാഫ്നയിലാണ് ദ്വാരകയുടെ ജനനം. അമ്മയുടെ കുടുംബത്തോടൊപ്പം ഡെന്മാർക്കിലാണ് ദ്വാരക വളർന്നത്. പിന്നീട് മതിവതനിക്കൊപ്പം ജാഫ്നയിലേക്ക് എത്തി. ഐപികെഎഫ് ശ്രീലങ്ക വിട്ടതിന് ശേഷമായിരുന്നു ഇത്. പ്രാഥമിക വിദ്യാഭ്യാസം ജാഫ്നയിലെ ജോണ്‍ ബോസ്കോ സ്കൂളിലായിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ കുടുംബത്തോടൊപ്പം ദ്വാരക ഉണ്ടായിരുന്നു. മുള്ളിവയ്ക്കലിലെ സുരക്ഷിതസ്ഥാനത്തുണ്ടായിരുന്ന ദ്വാരക ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.
2008-ല്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ മതിവതിനിയും ദ്വാരകയും യൂറോപ്പിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. എന്നാല്‍ എത്തരത്തിലാണ് യുദ്ധമുഖത്തു നിന്ന് ഇരുവരും യൂറോപ്പിലേക്ക് കടന്നതെന്നത് സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തലുകളുണ്ടായിട്ടില്ല. ഇത്തരം അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുവരുടേയും മരണം ശ്രീലങ്കന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ എല്‍ടിടിഇ കമാന്‍ഡറും മഹീന്ദ രജപക്സെ സർക്കാരില്‍ മന്ത്രിയുമായിരുന്നു കരുണ അമ്മന്‍ മുഖേനയാണ് സ്ഥിരീകരണം.
വീഡിയോയുടെ ആധികാരികത
മതിവതിനിയുടെ ഡെന്മാർക്കിലുള്ള സഹോദരിയായ അരുണയാണ് ദ്വാരക ഉടന്‍ പുറത്ത് വരുമെന്ന് വീഡിയോയിലൂടെ പ്രഖ്യാപിച്ചത്. എല്‍ടിടിഇ അനുഭാവിയും കവിയുമായ കാശി അനന്തന്‍ നവംബർ 27-ന് ദ്വാരക വീഡിയോയിലൂടെ പ്രസംഗം നടത്തുമെന്നും വെളിപ്പെടുത്തി. എന്നാല്‍, യുദ്ധം അവസാനിച്ചതിന് ശേഷം പ്രഭാകരനെയോ കുടുംബത്തയോ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പ്രഭാകരന്റെ ബന്ധുവായ കാർത്തിക്ക് മനോഹരന്‍ പറഞ്ഞിരുന്നു. ദ്വാരകയുടെ എഐ വീഡിയോ സംപ്രേഷണം ചെയ്യാനുള്ള പദ്ധതി കാനഡയിലും ലണ്ടനിലുമുള്ള എല്‍ടിടി അനുഭാവികള്‍ ഒരു മാസം മുന്‍പ് തന്നെ ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദ വീക്ക് റിപ്പോർട്ട് ചെയ്തിരുന്നു.