ഗദ്ദറിന്റെ ലെഗസി തുടരാന്‍ വെണ്ണില; പോര് കനത്ത് സെക്കന്ദരാബാദ് കന്റോണ്‍മെന്റ് മണ്ഡലം
പൊടുസ്തുന പൊദ്ധുമീഡ നടുസ്തുന കാലമാ , പോരു തെലങ്കാനമാ .....( പുരോഗമനത്തിന്റെ പാതയില്‍ മുന്നേറാം തെലങ്കാനയ്ക്കായ് പോരാടാം) തെലങ്കാനയ്ക്കായുള്ള സമരത്തില്‍ ഏറ്റവും അധികം മുഴങ്ങിക്കേട്ട വിപ്ലവ ഗാനം. തെലുഗ് വിപ്ലവ കവി ഗദ്ദറിന്റെ വരികള്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും തെലങ്കാന ജനത ഹൃദയത്തിലേറ്റുന്ന ഗാനം. സെക്കന്ദരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ ഉച്ചഭാഷിണിയിലൂടെ അതേ വിപ്ലവഗാനം ഒഴുകുകയാണ്. പ്രചാരണവാഹനത്തിനു മുന്നിലായി കാല്‍നടയായി ഡോ. ജി വി വെണ്ണില ഗദ്ദര്‍ ഉണ്ട്.
തെരുവുകള്‍ തോറും ആ വിപ്ലവഗാനം ഒഴുകിച്ചെല്ലുകയാണ്. പാട്ടുകേട്ട് വീടുകളില്‍നിന്ന് വോട്ടര്‍മാര്‍ പുറത്തേക്ക് എത്തിനോക്കുന്നു. അവരുടെ സ്വന്തം ഗദ്ദറിന്റെ മകള്‍ സ്ഥാനാര്‍ഥി വേഷത്തില്‍ തങ്ങള്‍ക്കു മുന്നില്‍. കെട്ടിപ്പിടിച്ചും സ്‌നേഹം പങ്കിട്ടും വിശേഷം ചോദിച്ചും അവര്‍ വെണ്ണിലയെ പൊതിയുന്നു, വീട്ടിലേക്കു ക്ഷണിക്കുന്നു. കന്നിയങ്കത്തില്‍ വെണ്ണില വോട്ട് തേടുകയാണ്, പിതാവിന്റെ പേര് പറഞ്ഞ്.
2018 ല്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ ഗജ്വേല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായായിരുന്നു വിപ്ലവ കവി ഗദ്ദര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. അതുവരെ സായുധ വിപ്ലവത്തിന്റെ വക്താവായിരുന്നു അദ്ദേഹം പാര്‍ലമെന്ററി മോഹം മുളപൊട്ടിയപ്പോള്‍ ആദ്യം സമീപിച്ചത് കോണ്‍ഗ്രസിനെയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചു, അന്നത് ഉണ്ടായില്ല. ഓഗസ്റ്റിൽ ഗദ്ദര്‍ അന്തരിക്കുകയും ചെയ്തു. 2018 മുതല്‍ കോണ്‍ഗ്രസിനോട് അടുപ്പം പുലര്‍ത്തി പോന്ന ഗദ്ദര്‍, രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായിരുന്നു. ഇപ്പോള്‍ സെക്കന്ദരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ മകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിക്കൊണ്ട് ഗദ്ദറിനോട് പഴയ കടം വീട്ടുകയാണ് കോണ്‍ഗ്രസ്.
ബി ആര്‍ എസിന്റെ കുത്തക മണ്ഡലത്തിലാണ് വെണ്ണില പോരിനിറങ്ങിയിരിക്കുന്നത്. പിതാവിനോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ വോട്ടായി മാറുമെന്നും വിജയം സുനിശ്ചിതമെന്നുമാണ് വെണ്ണിലയും കോണ്‍ഗ്രസും കണക്കുകൂട്ടുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി ഗദ്ദര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മിപ്പിച്ചാണ് വോട്ട് തേടല്‍. പിതാവിന്റെ അതേ ശൈലിയില്‍ കറുത്ത നിറവും ചുവന്ന കരകളുമുള്ള ഷാള്‍ അണിഞ്ഞാണ് വെണ്ണില സമ്മതിദായകര്‍ക്ക് മുന്നിലെത്തുന്നത്. തെലങ്കാനയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി ഗദ്ദര്‍ വഹിച്ച പങ്ക് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിക്കുന്നുണ്ട്. പാരമ്പര്യത്തിന് ഒരു വോട്ട് എന്നത് മാത്രമല്ല സ്ത്രീ ശാക്തീകരണത്തിനും ന്യൂനപക്ഷ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വോട്ടഭ്യര്‍ഥിക്കുകയാണവര്‍. മണ്ഡലത്തെ ബാധിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന ഉറപ്പാണവര്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്.
അടുത്തിടെ അന്തരിച്ച എം എല്‍ എ ജി സയന്നയുടെ മകള്‍ ലാസ്യ നന്ദിതയാണ് മണ്ഡലത്തില്‍ വെണ്ണിലയുടെ എതിര്‍ സ്ഥാനാര്‍ഥി. സഹതാപ തരംഗം ലക്ഷ്യമിട്ടാണ് ബി ആര്‍ എസ് ഇവിടെ പരേതന്റെ മകളെ തന്നെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ബിജെപിയും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. പിതാവിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷം തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് വെണ്ണില. അതേസമയം, ബി ആര്‍ എസ് സര്‍ക്കാരിനെതിരെ സംസ്ഥാനത്തുള്ള ഭരണവിരുദ്ധവികാരം മണ്ഡലത്തില്‍ വെണ്ണിലയെ തുണക്കുമെന്ന പ്രത്യാശയിലാണ് കോണ്‍ഗ്രസ്.