പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ പണ്ഡിതനും അഭിഭാഷകനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി എന്നറിയപ്പെടുന്ന അബ്ദുള്‍ ഗഫൂര്‍ മജീദ് നൂറാനി (93) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ആഴത്തിലുള്ള നിയമ ജ്ഞാനവും വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യവുമുള്ള ഒരാളായിരുന്നു നൂറാനി. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. നീതിയോടുള്ള സമര്‍പ്പണത്തിനും ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ശ്രദ്ധേയനായിരുന്നു നൂറാനി.
ഇന്ത്യന്‍ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനി 1930 സെപ്റ്റംബര്‍ 16-ന് ബോംബെയില്‍ (ഇപ്പോള്‍ മുംബൈ) ആണ് ജനിച്ചത്. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലെും ഗവണ്‍മെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഡോണ്‍, ദി സ്റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ നൂറാനിയുടെ കോളങ്ങള്‍ ഇടംപിടിച്ചിരുന്നു. ഇതിനുപുറമേ ദി കശ്മീര്‍ ക്വസ്റ്റ്യന്‍സ്, മിനിസ്റ്റേഴ്‌സ് മിസ്‌കോണ്ടക്ട്, ദ ട്രയല്‍ ഓഫ് ഭഗത്സിങ്, കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്വസ്റ്റ്യന്‍സ് ഓഫ് ഇന്ത്യ, ദ ആര്‍എസ്എസ് ആന്‍ഡ് ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബദറുദ്ദീന്‍ തയാബ്ജി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങളും നൂറാനി എഴുതിയിട്ടുണ്ട്.
കാശ്മീരിലെ ഷെയ്ഖ് അബ്ദുള്ളയെ ദീര്‍ഘകാലം തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തിലും ജയലളിതയ്ക്കെതിരെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസിലും നൂറാനി ഹാജരായിട്ടുണ്ട്. ഈ കേസുകളില്‍ നൂറാനിയുടെ നിയമ വൈദഗ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറാനിയുടെ മരണത്തോടെ ഇന്ത്യന്‍ നിയമ, രാഷ്ട്രീയ പാണ്ഡിത്യത്തിന്റെ ഒരു യുഗത്തിന് കൂടിയാണ് അവസാനമാകുന്നത്. ഇന്ത്യയിലെ സങ്കീര്‍ണമായ നിയമ- രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് നൂറാനി നല്‍കിയ സംഭാവനകള്‍ വരും വര്‍ഷങ്ങളിലും ഓര്‍മിക്കപ്പെടുകതന്നെ ചെയ്യും.