എഎസ്ഐ റിപ്പോർട്ട് ആയുധമാക്കാന്‍ വിഎച്ച്പി; ഗ്യാന്‍വാപി വിട്ടുനല്‍കണമെന്ന് ആവശ്യം
ഗ്യാന്‍വാപിയില്‍ ക്ഷേത്രസാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ആർക്കിയോളജി സർവെ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട് ആയുധമാക്കാനൊരുങ്ങി വിശ്വ ഹിന്ദു പരീഷദ് (വിഎച്ച്പി). മസ്ജിദ് ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഹിന്ദു സമൂഹത്തിന് ആരാധിക്കാനുള്ള അനുവാദം നല്‍കണമെന്നും വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയായിരുന്നു അലോക് കുമാർ ഇക്കാര്യം ഉന്നയിച്ചത്. ഗ്യാന്‍വാപിയില്‍ കടുത്ത നിലപാടിലേക്കില്ലെന്ന സമീപനം തിരുത്തുന്നതാണ് വിഎച്ച്പി പ്രസിഡന്റിന്റെ നീക്കം.
എഎസ്ഐ റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അലോക് കുമാറിന്റെ പ്രസ്താവന. ലിഖിതങ്ങളില്‍ ജനാർദന, രുദ്ര, ഉമേശ്വര എന്നീ പേരുകള്‍ കണ്ടെത്തിയത് ഇതൊരു ക്ഷേത്രമാണെന്നതിന്റെ തെളിവാണ്. എഎസ്ഐയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും 1947 ഓഗസ്റ്റ് 15നും ഇപ്പോഴും അതൊരു ക്ഷേത്രമാണെന്ന് തെളിയിക്കുന്നതാണെന്നും അലോക് കുമാർ പറയുന്നു. 1991ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം കെട്ടിടം ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും അലോക് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ രണ്ട് സുപ്രധാന സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിർത്തുന്നതിന് നീതിപൂർവമായ നടപടി സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഗ്യാന്‍വാപി കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിക്ക് എഎസ്ഐ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ശേഖരിച്ച തെളിവുകള്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് വ്യക്തമാക്കുന്നതായും അലോക് കുമാർ അവകാശപ്പെട്ടു.
55 ശിലാശില്‍പ്പങ്ങളാണ് എഎസ്ഐ ഗ്യാന്‍വാപിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 15 ശിവലിംഗങ്ങള്‍, മൂന്ന് വിഷ്ണു ശില്‍പ്പം, മൂന്ന് ഗണേശ ശില്‍പ്പം, രണ്ട് നന്ദി ശില്‍പ്പം, രണ്ട് കൃഷ്ണ ശില്‍പ്പം, അഞ്ച് ഹനുമാന്‍ ശില്‍പ്പം എന്നിവ ഉള്‍പ്പെടുന്നതായി എഎസ്ഐ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
17-ാം നൂറ്റാണ്ടില്‍ ഔറംഗസീബിന്റെ ഭരണകാലത്ത് ക്ഷേത്രം പൊളിച്ചതായും അതിന്റെ ഭാഗങ്ങളില്‍ നിന്നാണ് പുതിയ രൂപം നിർമ്മിച്ചിരിക്കുന്നതെന്നും എഎസ്ഐ നിഗമനത്തിലെത്തിയിട്ടുണ്ട്. ആകെ 259 ശിലാവസ്തുക്കളാണ് എഎസ്ഐ കണ്ടെത്തിയിട്ടുണ്ട്. 55 ശിലാശില്‍പ്പങ്ങള്‍ക്ക് പുറമെ 21 ഗാർഹിക വസ്തുക്കള്‍, ആലേഖനമുള്ള അഞ്ച് സ്ലാബുകള്‍, കളിമണ്ണുകൊണ്ട് നിർമ്മിച്ച 27 വസ്തുക്കളും 23 രൂപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
93 നാണയങ്ങളും 113 ലോഹ വസ്തുക്കളും എഎസ്ഐ കണ്ടെത്തിയിട്ടുണ്ട്. സർവെയില്‍ കണ്ടെത്തിയ വസ്തുക്കളെല്ലാം വാരണാസി ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. കണ്ടെത്തിയ കൃഷ്ണ ശില്‍പ്പത്തിലൊന്ന് മണല്‍ക്കല്ലില്‍ നിർമ്മിച്ച മധ്യകാലത്തുള്ളതാണെന്നുമാണ് നിഗമനം. 15 സെന്റി മീറ്റർ ഉയരവും എട്ട് സെന്റി മീറ്റർ വീതിയും അഞ്ച് സെന്റി മീറ്റർ കനവുമാണ് ശില്‍പ്പത്തിനുള്ളത്.
മാർബിളില്‍ നിർമ്മിച്ച ഹനുമാന്റെ ശില്‍പ്പമാണ് മറ്റൊന്ന്. ആധുനിക യുഗത്തില്‍ നിർമ്മിച്ചതാണെന്നാണ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മസ്ജിദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ശിവലിംഗവും ആധുനിക യുഗത്തില്‍ നിർമ്മിച്ചതാണെന്നാണ് നിഗമനം. പറിഞ്ഞാറ് ഭാഗത്തുള്ള അറയില്‍ നിന്നാണ് ശിവലിംഗം എഎസ്ഐ കണ്ടെത്തിയത്. ഇത്തരത്തില്‍ വിഷ്ണു, ഗണപതി ശില്‍പ്പങ്ങളുടെ വിവരങ്ങളും റിപ്പോർട്ടില്‍ എഎസ്ഐ രേഖപ്പെടുത്തിയിട്ടുണ്ട്.