മാർഗരറ്റ് ആൽവ, ജഗ്ദീപ് ധൻഖർ
മാർഗരറ്റ് ആൽവ, ജഗ്ദീപ് ധൻഖർ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയമുറപ്പിച്ച് ധന്‍ഖര്‍, ഫലം ഇന്ന് രാത്രിയോടെ

ധന്‍ഖറിന് 515ലധികം വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍. ആല്‍വയ്ക്ക് 190 മുതല്‍ 200 വോട്ടുകള്‍ വരെ ലഭിച്ചേക്കും
Updated on
2 min read

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുളള പോളിങ് കഴിഞ്ഞാലുടന്‍ വോട്ടെണ്ണും. വൈകിട്ടോടെ അടുത്ത ഉപരാഷ്ട്രപതിയുടെ പേര് പ്രഖ്യാപിക്കും. പാര്‍ലമെന്റ് ഹൗസില്‍ നടക്കുന്ന വോട്ടെടുപ്പില്‍ നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ്.

എം വെങ്കയ്യ നായിഡു
എം വെങ്കയ്യ നായിഡു

രഹസ്യ ബാലറ്റിലാണ് വോട്ടുകൾ രേഖപ്പെടുത്തുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ചേർന്നതാണ് ഇലക്ടറൽ കോളേജ്. ഇലക്ടറൽ കോളേജിന്റെ അംഗബലം നിലവിൽ 790 ആണ്. രാജ്യസഭയിലെ 233 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ലോക്സഭയിലെ 543 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രണ്ട് നോമിനേറ്റഡ് അംഗങ്ങളും ചേ‍ർന്നതാണ് ഇലക്ടറൽ കോളേജ്. ജയിക്കാൻ ഒരു സ്ഥാനാര്‍ഥി 395 വോട്ടുകൾ നേടണം.

മമത ബാനർജി
മമത ബാനർജി

ജഗ്ദീപ് ധൻഖറിന് ജയം അനായാസമാകുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയെ പിന്തുണച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആൽവയുടെ പേര് തീരുമാനിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ തങ്ങളെ കൂടിയാലോചനകൾക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. ഇലക്ടറൽ കോളേജിൽ 39 വോട്ടുകളാണ് തൃണമൂൽ കോൺഗ്രസിന് ഉളളത്.

കെ ചന്ദ്രശേഖർ റാവു, അരവിന്ദ് കെജ്‌രിവാൾ
കെ ചന്ദ്രശേഖർ റാവു, അരവിന്ദ് കെജ്‌രിവാൾ

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കെ ചന്ദ്രശേഖർ റാവുവുന്റെ നേതൃത്വത്തിലുളള തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പിന്തുണ പ്രഖ്യാപിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ടിആർഎസ് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്‌ക്കൊപ്പം നിന്നിരുന്നുവെങ്കിലും ആൽവയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ദ്രൗപദി മുർമുവിനെ പിന്തുണച്ച ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) തിരഞ്ഞെടുപ്പിൽ ആൽവയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഎംഎമ്മിന് 3 എംപിമാരുണ്ട്.

ഇലക്ടറൽ കോളേജ് കണക്ക് പ്രകാരം ബിജെപിക്ക് ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 91 അംഗങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ധൻഖർ അനായാസം ഉപരാഷ്ട്രപതിയാകുമെന്നാണ് എൻഡിഎ കരുതുന്നത്. ശിവസേന, ജനതാദൾ യുണൈറ്റഡ് (ജെഡിയു), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ബിജു ജനതാദൾ (ബിജെഡി), അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി), രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആര്‍എല്‍ജെപി) എന്നിവയാണ് ധൻഖറിനെ പിന്തുണയ്ക്കുന്ന മറ്റ് പാർട്ടികൾ.

അതേസമയം ആൽവയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), ആം ആദ്മി പാർട്ടി (എഎപി),തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), സിപിഎം, സിപിഐ, രാഷ്ട്രീയ ജനതാദൾ (ആർജെഡി), സമാജ്വാദി പാർട്ടി (എസ്പി), മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ), രാഷ്ട്രീയ ലോക്ദൾ (RLD) എന്നിവരുടെ പിന്തുണയുണ്ടാകും. ചില പ്രാദേശിക പാർട്ടികൾ ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ധന്‍ഖറിന് 515-ലധികം വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ആല്‍വയ്ക്ക് 190 മുതല്‍ 200 വോട്ടുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80 കാരിയായ ആൽവ ​ഗോവ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ​ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 71കാരനായ ധൻഖർ രാജസ്ഥാനിൽ നിന്നുമുളള പ്രമുഖ ജാട്ട് നേതാവും പശ്ചിമ ബം​ഗാൾ ​ഗവ‍ർണറുമായിരുന്നു.

logo
The Fourth
www.thefourthnews.in