പാര്‍ലമെൻ്റ് സ്ഥിരം സമിതികളില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച് രാജ്യസഭാ അധ്യക്ഷന്‍; പ്രതിഷേധവുമായി പ്രതിപക്ഷം

പാര്‍ലമെൻ്റ് സ്ഥിരം സമിതികളില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച് രാജ്യസഭാ അധ്യക്ഷന്‍; പ്രതിഷേധവുമായി പ്രതിപക്ഷം

രാജ്യസഭയ്ക്ക് കീഴിലുള്ള 20 സ്ഥിരം സമിതികളിലേക്കാണ് എട്ട് പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചത്
Updated on
1 min read

പാര്‍ലമെൻ്റ് സ്ഥിരം സമിതികളില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. രാജ്യസഭയ്ക്കു കീഴിലുള്ള 20 സ്ഥിരം സമിതികളിലേക്കാണ് എട്ട് പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചത്. ബിജെപി അംഗങ്ങളും പ്രതിപക്ഷ എംഎല്‍എമാരും ഉള്‍പ്പെടുന്നതാണ് സമിതി. സമിതികളിലേക്ക് ഇവരെ നിയമിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. പാര്‍ലമെൻ്റ് ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇത് ആദ്യമായാണ്.

ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള രാജേഷ് എന്‍ നായിക്, പ്രൈവറ്റ് സെക്രട്ടറി സുജീത് കുമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് വര്‍മ, ഒഎസ്ഡി അഭ്യുദയ് സിംഗ് ഷെഖാവത്ത്, അഖില്‍ ചൗധരി, ദിനേഷ് ഡി, കൗസ്തുഭ് സുധാകര്‍ ഭലേക്കര്‍, പിഎസ് അദിതി ചൗധരി എന്നിവരാണ് കമ്മിറ്റികളിലേക്ക് നിയമിതരായവര്‍.

പാർലമെൻ്റിൻ്റെ കീഴ്വഴക്കങ്ങള്‍ എല്ലാം ലംഘിച്ചു കൊണ്ടുള്ള രാജ്യസഭാ അധ്യക്ഷൻ്റെ നടപടി വിചിത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു

അതേസമയം സഭാ അധ്യക്ഷൻ്റെ നടപടിക്കെതിരെ പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൂര്‍ണ്ണമായി രഹസ്യസ്വഭാവം പുലര്‍ത്തുന്നതാണ് ഇത്തരം സമിതികള്‍. മിക്ക ബില്ലുകളും അവതരിപ്പിച്ച ശേഷം വിശദമായ പരിശോധയ്ക്കായി ഈ കമ്മിറ്റികളിലാണ് എത്തുക. അതിനാല്‍ തന്നെ ഈ നടപടി അംഗീകരിക്കാനാവാത്തതാണെന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം. പാര്‍ലമെൻ്റിൻ്റെ കീഴ്വഴക്കങ്ങള്‍ എല്ലാം ലംഘിച്ചു കൊണ്ടുള്ള രാജ്യസഭാ അധ്യക്ഷൻ്റെ നടപടി വിചിത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിലവിലെ സംവിധാനങ്ങളില്‍ രാജ്യസഭാ അധ്യക്ഷന് വിശ്വാസമില്ലെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും ഈ നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും കോണ്‍ഗ്രസ് നേതാവായ ജയ്‌റാം രമേശ് വ്യക്തമാക്കി. സ്ഥിരം സമിതി എന്നത് രാജ്യസഭയുടെതാണെന്നും മറിച്ച് അധ്യക്ഷൻ്റേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ധന്‍ഖറുമായി ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്‌സ് ഓഫീഷ്യോ ചെയര്‍പേഴ്‌സണാണ്. അദ്ദേഹം വൈസ് ചെയര്‍പേഴ്‌സണ്‍മാരുടെ പാനലിലെ അംഗമല്ല. അതിനാല്‍ തന്നെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ അദ്ദേഹത്തിന് എങ്ങനെയാണ് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനാവുന്നതെന്നും കോണ്‍ഗ്രസ് ലോക്‌സഭാ എംപി മനീഷ് തിവാരി ചോദിച്ചു. നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in