'കാഴ്ചയില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ട്രോമ ഇല്ലല്ലോ'; ബലാത്സംഗ കേസിലെ അതിജീവിതയ്ക്കെതിരെ കോടതി

'കാഴ്ചയില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ട്രോമ ഇല്ലല്ലോ'; ബലാത്സംഗ കേസിലെ അതിജീവിതയ്ക്കെതിരെ കോടതി

മുന്‍ എംല്‍എയും ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ സിമര്‍ജിത്ത് സിങ് ബെയിന്‍സ് പ്രതിയായ ബലാത്സംഗക്കേസിലാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ പരാമർശം
Updated on
2 min read

മുൻ എംഎല്‍എ പ്രതിയായ ബലാത്സംഗ കേസില അതിജീവതയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കാഴ്ചയില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ട്രോമയുണ്ടെന്ന് തോന്നുന്നില്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പഞ്ചാബ് മുന്‍ എംല്‍എയും ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ സിമര്‍ജിത്ത് സിങ് ബെയിന്‍സ് പ്രതിയായ ബലാത്സംഗക്കേസിലാണ് കോടതി പരാമർശം. അതിജീവിത പരാതി നല്‍കാൻ വൈകിയെന്നും മുൻപ് മറ്റാരോടും ബലാംത്സംഗം ചെയ്യപ്പെട്ടതായി പറഞ്ഞിട്ടില്ലെന്നും നിരീക്ഷിച്ച കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

പരാതിക്കാരിയുടെ ശരീരഭാഷയില്‍ അത്തരമൊരു ട്രോമ പ്രതിഫലിക്കുന്നില്ലെന്നും ബലാത്സംഗം നടന്നതായി അവര്‍ ആരോടെങ്കിലും പരാതി പറഞ്ഞതിന് തെളിവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ബലാത്സംഗത്തിന്റെ മാനസിക ആഘാതത്തിലായതിനാലാണ് പരാതിപ്പെടാൻ വൈകിയതെന്ന് പോലും ഹർജിക്കാരി പറയാത്തതിനാല്‍ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പരാതിക്കാരിക്ക് നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും വളരെക്കാലം മൗനം പാലിക്കുകയാണ് ചെയ്തതെന്നും അത് അവരുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും കോടതി പറഞ്ഞു.

പരാതിക്കാരിക്ക് നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും വളരെക്കാലം മൗനം പാലിച്ചതിനാല്‍ വിശ്വാസ്യത ഇല്ലായെന്നും കോടതി

2020 നവംബറിലാണ് പരാതിക്കാരി എംഎല്‍എ സിമര്‍ജിത്ത് സിങ് ബെയിന്‍സിന് എതിരെ പരാതി നല്‍കുന്നത്. ലുഥിയാന പോലീസ് കമ്മീഷണർ 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് 2022 ജൂലൈയിലാണ് സിമർജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ബലാത്സംഗം പോലുള്ള കേസുകള്‍ അന്വേഷിക്കാന്‍ മജിസ്ട്രേറ്റിന് അധികാരം നല്‍കുന്ന സിആര്‍പിസി സെക്ഷന്‍ 156(3) പ്രകാരം 2021 ജൂലൈയില്‍ യുവതി പരാതി നല്‍കിയിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം സിമർജിത്തിനെയും കൂട്ടാളികളായ കരംജിത് സിങ്, ബല്‍ജീന്ദര്‍ കൗര്‍, ജസ്വിര്‍ കൗര്‍, സുഖ്ചെയിന്‍ സിങ്, പരംജിത് സിങ്, ഗോഗി ശര്‍മ എന്നിവരെയും എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരുന്നു.

സിമർജിത്തിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ബെയ്സിനെ സമീപിച്ചതെന്നും എന്നാല്‍ തന്റെ ദുരവസ്ഥ മുതലെടുത്ത് തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതി. രാഷ്ട്രീയ എതിരാളികളുടെ പ്രേരണയില്‍ സിമർജിത്തിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ എപിഎസ് ഡിയോളിന്റെ വാദം. ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍, അതുപറഞ്ഞ് ഭീഷണിപ്പെടുത്താത്ത പക്ഷം ബലാത്സംഗം ചെയ്തെന്ന് പറയുന്ന വ്യക്തിയെ വീണ്ടും വീണ്ടും സന്ദര്‍ശിക്കുകയില്ലെന്നും ഇത് പ്രഥമ ദൃഷ്ടിയാല്‍ അവരുടെ സമ്മതമാണ് വ്യക്തമാക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.

യുവതിയുടെ സാഹചര്യം മുതലെടുക്കുകയാണ് എംഎല്‍എ ചെയ്തതെന്ന് അഭിഭാഷകൻ

എന്നാല്‍ ആരോപണങ്ങളില്‍ പൊരുത്തക്കേടില്ലെന്നും കോള്‍ റെക്കോഡ് രേഖകളില്‍ ഇത് വ്യക്തമാണെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ കൂട്ടാളികള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും അഭിഭാൽകൻ കോടതിയില്‍ വ്യക്തമാക്കി. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് വളരെയധികം മാനസിക സമ്മര്‍ദത്തിലാക്കിയെന്നും, യുവതിയുടെ സാഹചര്യത്തെ മുതലെടുക്കുകയാണ് എംഎല്‍എ ചെയ്തതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അനുപം ഗുപ്ത വാദിച്ചു. അത് പരാതിക്കാരിയുടെ സമ്മതമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ആഗസ്ത് 4ന് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് എംഎല്‍എ ആദ്യമായി ബലാത്സംഗം ചെയ്തതെന്നും വീടിന്റെ മാസ വാടക പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എംഎല്‍എ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിനാല്‍ എതിര്‍ക്കാന്‍ കഴിയാതെ താന്‍ നിസഹായ ആയിരുന്നെന്നും പരാതിക്കാരി പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. പിന്നീട് 2020 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ പലതവണ ഓഫീസിലും മറ്റിടങ്ങളിലുമായി എംഎല്‍എ പരാതിക്കാരിയെ വിളിച്ചുവരുത്തി. ഇതു കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in