കർണാടകയ്ക്ക്‌ 'മലയാളി ' സഭാധ്യക്ഷൻ; സ്പീക്കറായി യു ടി ഖാദർ തിരഞ്ഞെടുക്കപ്പെട്ടു

കർണാടകയ്ക്ക്‌ 'മലയാളി ' സഭാധ്യക്ഷൻ; സ്പീക്കറായി യു ടി ഖാദർ തിരഞ്ഞെടുക്കപ്പെട്ടു

മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കർ ആണ് മംഗളുരു റൂറൽ എം എൽ എയായ ഖാദർ
Updated on
2 min read

ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം അംഗബലമുള്ള കർണാടക നിയമസഭയെ ഇനി 'മലയാളി ' നയിക്കും. കർണാടക നിയമസഭയുടെ സ്പീക്കറായി മലയാളി വേരുകളുളള മംഗളുരു എംഎൽഎ യു ടി ഖാദർ തിരഞ്ഞെടുക്കപ്പെട്ടു.

എതിരില്ലാതെയാണ് യു ടി ഖാദറിന്റെ തിരഞ്ഞെടുപ്പ്. 224 അംഗ നിയമസഭയില്‍ 137 വോട്ടാണ് യു ടി ഖാദറിന് ലഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ രണ്ട് സ്വതന്ത്രരും അനുകൂലമായി വോട്ടു ചെയ്തു. ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല.

മണ്ഡല പുനർ നിർണായത്തോടെ മംഗളുരു റൂറൽ ആയി മാറിയ (ഉള്ളാൾ) മണ്ഡലത്തിൽ നിന്ന് ഇത് അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ മൂന്നു തവണ കർണാടക മന്ത്രിസഭയിൽ അദ്ദേഹം അംഗമായിട്ടുണ്ട് ആരോഗ്യ - ഭക്ഷ്യ പൊതുവിതരണ - നഗര വികസന വകുപ്പ് മന്ത്രി ആയി മികച്ച സേവനം കാഴ്ചവച്ചു.

പ്രോടെം സ്പീക്കർ ആർ വി ദേശ് പാണ്ഡെ  ഖാദറിനെ സ്പീകറുടെ ഇരിപ്പിടത്തിൽ സ്വീകരിച്ചു
പ്രോടെം സ്പീക്കർ ആർ വി ദേശ് പാണ്ഡെ ഖാദറിനെ സ്പീകറുടെ ഇരിപ്പിടത്തിൽ സ്വീകരിച്ചു

ഇത്തവണ മംഗളുരു റൂറൽ മണ്ഡലത്തിൽ നിന്ന് ഇരുപത്തി രണ്ടായിരത്തിന് മേൽ ഭൂരിപക്ഷത്തിലായിരുന്നു ഖാദറിന്റെ വിജയം. ഹിജാബ് വിഷയം പ്രചാരണ വിഷയമാക്കി എസ് ഡി പി ഐ സ്ഥാനാർഥിയും വർഗീയ അജണ്ടകൾ വിഷയമാക്കി ബിജെപി സ്ഥാനാർഥിയും ഉയർത്തിയ വെല്ലുവിളികൾ മറികടന്നായിരുന്നു ഖാദർ വിജയം നേടിയത്.

ബിജെപി കോട്ടയായ തീരദേശ കർണാടക മേഖലയിലെ ഏറ്റവും ശക്തനായ കോൺഗ്രസ് സാരഥിയാണ് യു ടി ഖാദർ. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെ പ്രധാന സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുക എന്ന കോൺഗ്രസ് നയത്തിന്റെ ഭാഗമായാണ് സ്പീക്കർ സ്ഥാനം യു ടി ഖാദറിന് ലഭിക്കുന്നത്. കർണാടകയിൽ സ്പീക്കർ കസേര അലങ്കരിക്കുന്ന ആദ്യ മുസ്ലീം വിഭാഗക്കാരനാണ് ഖാദർ. ആർ വി ദേശ്പാണ്ഡെ, ടി ബി ജയചന്ദ്ര, എച്ച്‌ കെ പാട്ടീൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് കോൺഗ്രസ്, സഭാധ്യക്ഷ സ്ഥാനം ഖാദറിനുറപ്പിച്ചത്.

സ്പീക്കർ തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുന്നു
സ്പീക്കർ തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുന്നു

പിതാവ് കാസര്‍ക്കോട് ഉപ്പള പള്ളത്തെ യു ടി ഫരീദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഖാദര്‍ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. 1972,1978,1999,2004 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി ഉള്ളാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു വിജയിച്ച ആളാണ് ഫരീദ്.

logo
The Fourth
www.thefourthnews.in