ആദ്യ സംസ്ഥാന സമ്മേളനത്തിനൊരുങ്ങി വിജയ്‍യുടെ തമിഴക വെട്രി കഴകം; പ്രത്യയശാസ്ത്ര നിലപാടില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകര്‍
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‌റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ ഇന്ന് വൈകിട്ടാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമ്മേളനം നടക്കുക.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുറഞ്ഞത് രണ്ട് ലക്ഷം കേഡര്‍മാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-ല്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമാണ് സമ്മേളനം കൊണ്ടുദ്ദേശിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ഗര്‍ഭിണികളും സ്‌കൂള്‍ കുട്ടികളും പ്രായമായവരും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിജയ് നേരത്തേ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്ന നിര്‍ദേശവും സുരക്ഷിതമായി യാത്ര ചെയ്യേണ്ടതിന്‌റെ ആവശ്യകതയും പ്രസ്താവനയിലൂടെ കേഡര്‍മാരെ അറിയിച്ചിരുന്നു.
85 ഏക്കര്‍ സ്ഥലത്താണ് സമ്മേളനം നടക്കുന്നത്. സ്റ്റേജിനുമാത്രം 170*65 അടിയുണ്ട്. പാര്‍ട്ടിയുടെ പാതക ഉയര്‍ത്താനായി നൂറ് അടിയുള്ള കൊടിമരമാണ് സ്ഥാപിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമായാണ് വിജയ് യുടെ പാര്‍ട്ടിയുടെ ഇന്നത്തെ സമ്മേളനം വിലയിരുത്തപ്പെടുന്നത്. നിരവധി തടസങ്ങള്‍ പിന്നിട്ട്, ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി ആഴ്ചകള്‍ക്കുശേഷമാണ് സമ്മേളനം നടക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ടിവികെയ്ക്ക് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനിരിക്കുന്ന ടിവികെയുടെ പ്രത്യയശാസ്ത്ര നിലപാട് ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നതും.