പന്നൂൻ വധഗൂഢാലോചന: വികാഷ് യാദവിനെ കൊള്ളയടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

പന്നൂൻ വധഗൂഢാലോചന: വികാഷ് യാദവിനെ കൊള്ളയടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് കാണിച്ച് രോഹിണി നിവാസി നല്‍കിയ എഫ്‌ഐആറിനെത്തുടര്‍ന്ന് 2023 ഡിസംബര്‍ 18ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ വികാഷ് യാദവിനെ അറസ്റ്റ് ചെയ്തത്
Updated on
2 min read

ഗുര്‍പത്വന്ത് സിങ് പന്നൂൻ വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അറസ്റ്റ് വാറന്‌റ് പുറപ്പെടുവിച്ച മുന്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഏജന്‌റ് വികാഷ് യാദവിനെ കൊള്ളയടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നതായി സൂചന. ഡല്‍ഹി പോലീസിന്‌റെ സ്‌പെഷ്യല്‍ സെല്‍ വികാഷ് യാദവിനെ അറസ്റ്റ് ചെയ്തിരുന്നെന്നും ഈ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയെന്നും രേഖകള്‍ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് കാണിച്ച് രോഹിണി നിവാസി നല്‍കിയ എഫ്‌ഐആറിനെത്തുടര്‍ന്ന് 2023 ഡിസംബര്‍ 18ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ വികാഷ് യാദവിനെ അറസ്റ്റ് ചെയ്തതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ മുമ്പ് ഒരു ഐടി കമ്പനി നടത്തിയിരുന്നെന്നും പശ്ചിമേഷ്യയില്‍ താമസിക്കുന്ന നിരവധി ഇന്ത്യക്കാരുമായി ബന്ധമുണ്ടായിരുനെന്നും രോഹിണി നിവാസി പരാതിയില്‍ പറയുന്നുണ്ട്.

''കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു സുഹൃത്ത് വികാഷ് യാദവിനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് നമ്പരുകള്‍ കൈമാറി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പക്ഷേ അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ ബിസിനസിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ വിദേശത്തുള്ള എന്‌റെ സുഹൃത്തുക്കളെക്കുറിച്ച് അറിയാന്‍ അദ്ദേഹം എപ്പോഴും ആകാംക്ഷ പ്രകടിപ്പിക്കുകയും അവരുമായുള്ള പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു,'- പരാതിക്കാരനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


പന്നൂൻ വധഗൂഢാലോചന: വികാഷ് യാദവിനെ കൊള്ളയടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്
ഗുര്‍പത്വന്ത് പന്നൂൻ വധഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

തന്‌റ പിതാവ് അതിര്‍ത്തി രക്ഷാസേനയില്‍ ജോലി ചെയ്യുകയായിരുന്നെന്നും 2007-ല്‍ അദ്ദേഹം മരിച്ചെന്നും വികാഷ് യാദവ് പോലീസിനോട് വെളിപ്പെടുത്തി. 2015-ല്‍ ഇദ്ദേഹം വിവാഹിതനായി. അദ്ദേഹം പരാതിക്കാരനെ സാമൂഹിക സമ്മേളനത്തില്‍ കണ്ടുമുട്ടുകയും തട്ടിക്കൊണ്ടുപോയി പണം സമ്പാദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാര്‍ ഡീലറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്‌റെ അസോസിയേറ്റ് അദ്ദേഹം ബിസിനസില്‍ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെന്നും അതിനാല്‍ യാദവിന്‌റെ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചെന്നും പോലീസിനോട് പറഞ്ഞതായി കുറ്റപത്രം ഉദ്ധരിച്ച് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഐഇയോട് പറഞ്ഞു. വികാഷ് യാദവും കൂട്ടാളുകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് പരാതിക്കാരന്‍ പോലീസിനെ സമീപിച്ചത്.

പന്നൂൻ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൊലപാതകത്തിനായി ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മൂന്നു കുറ്റങ്ങള്‍ യുഎസ് നീതിന്യായ വകുപ്പ് വികാഷിനെതിരെ ചുമത്തിയിട്ടുണ്ട്.

നിഖില്‍ ഗുപ്തയെന്ന മറ്റൊരു ഇന്ത്യന്‍ പൗരന്‍ മുഖേന പന്നുവിനെ വധിക്കാന്‍ വികാഷ് യാദവ് പദ്ധതിയിട്ടുവെന്നാണ് ആരോപണം. പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്(ഡിഒജെ) കുറ്റപത്രത്തില്‍ സിസി1 എന്നാണ് വികാഷ് യാദവിനെ വിഷേശിപ്പിച്ചിരുന്നത്. ഇദ്ദേഹം ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും വികാഷ് യാദവിന് നിലവില്‍ 'റോ'യുമായി ബന്ധമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാരിന്‌റെ ജീവനക്കാരനല്ലെന്നും വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

അതേസയമം മുപ്പത്തൊൻപതുകാരനായ വികാഷ് യാദവ് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനെ(റോ) ഉള്‍ക്കൊള്ളുന്ന കാബിനറ്റ് സെക്രട്ടേറിയറ്റിലാണ് ജോലി ചെയ്തിരുന്നതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടു.

logo
The Fourth
www.thefourthnews.in