രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന

രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കും
Updated on
1 min read

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദർശിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് അംഗത്വം ഇരുവരും സ്വീകരിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സർക്കാർ ജോലി ഇവർ ഉപേക്ഷിക്കുമെന്ന് വാർത്ത ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തു.

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയതുമുതല്‍ വിനേഷിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് കാണുന്നത്. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനേഷിനെ സ്വീകരിച്ചത് റോഹ്‌തക്ക് എംപിയായ ദീപേന്ദർ ഹൂഡയായിരുന്നു. വിജയത്തിന്റെ പ്രതീകമായ ഹനുമാൻ ഗദ നല്‍കിയായിരുന്നു ദീപേന്ദർ വിനേഷിനെ സ്വീകരിച്ചത്.

ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റും മുൻ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ താരങ്ങള്‍ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ദീപേന്ദർ. ബ്രിജ് ഭൂഷണെതിരായ സമരത്തിലെ പ്രധാന മുഖങ്ങളായിരുന്നു വിനേഷും ബജ്‌രംഗും.

രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന
'ഇത് എസ്എഫ്‌ഐക്കാലം മുതല്‍ കേട്ടുതുടങ്ങിയതാണ്, എനിക്ക് ഭയമില്ല'; വിവാദങ്ങളില്‍ പ്രതികരിച്ച് പി ശശി

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡയേയും വിനേഷ് സന്ദർശിച്ചിരുന്നു. പാർട്ടിയില്‍ ചേരാൻ താല്‍പ്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഹൂഡ അന്ന് വ്യക്തമാക്കിയത്.

വിനേഷ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്ന് കോണ്‍ഗ്രസ് സെൻട്രല്‍ ഇലക്ഷൻ കമ്മിറ്റിയുടെ (സിഇസി) യോഗത്തിന് ശേഷം ഹരിയാനയുടെ ചുമതലയുള്ള ദീപക്ക് ബബാരിയ തിങ്കളാഴ്ച അറിയിച്ചിരുന്നു.

ഇരുവരേയും മത്സരിപ്പിക്കാനുള്ള ചർച്ചകള്‍ മുന്നോട്ടുപോകുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങളില്‍ ചർച്ചകള്‍ അന്തിമഘട്ടത്തിലെത്താനുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഒക്ടോബർ അഞ്ചിനാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്.

logo
The Fourth
www.thefourthnews.in