'രാജ്യത്തെ പെണ്‍മക്കൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാട്ടം തുടരും', അഭിമാനനിമിഷമെന്ന് കോണ്‍ഗ്രസിൽ ചേര്‍ന്ന ശേഷം വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും കോൺഗ്രസിൽ. റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്. വൈകിട്ട് മൂന്നുമണിയോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
രാജ്യത്തെ കായികതാരങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാട്ടം. അതൊരിക്കലും അവസാനിക്കില്ല. രാജ്യത്തെ ഓരോ സ്ത്രീയോടൊപ്പവും സഹോദരിയായി താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ഉണ്ടാകുമെന്നും വിനേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ പെണ്‍മക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ തെരുവില്‍ മുതല്‍ നിയമസഭവരെ തങ്ങളുണ്ടാകുമെന്നും വിനേഷും ബംജ്‌റംഗ് പുനിയെയും പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഇത് അഭിമാനനിമിഷമെന്നും ഇരുവരും പറഞ്ഞു.
സെപ്റ്റംബർ 4ന് ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇരുതാരങ്ങളും കോൺഗ്രസിൽ അംഗത്വമെടുക്കുന്നതോടെ ഒക്ടോബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.