11 വർഷത്തിനുള്ളിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമത്തിൽ നാലിരട്ടി വർധന; ഈ വർഷം 525 അക്രമസംഭവങ്ങൾ, ഏറ്റവുമധികം യുപിയിൽ
രാജ്യത്ത് ക്രിസ്ത്യൻ മത വിഭാഗത്തില്‍പ്പെട്ടവർക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ മാത്രം 525 അക്രമ സംഭവങ്ങളാണുണ്ടായത്. ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് (യു സി എഫ്) 2023ലെ അക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
ഈ നില തുടരുകയാണെങ്കില്‍ ക്രിസ്ത്യന്‍ സമൂഹം മുന്‍ വര്‍ഷങ്ങളേക്കാള്‍ അക്രമാസക്തവും ദുഷ്‌കരവുമായ സാഹചര്യം നേരിടേണ്ടിവരുമെന്നും സെപ്റ്റംബര്‍ ഏഴില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ മുസ്‌ളീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കൊപ്പം ക്രിസ്ത്യൻ മത വിഭാഗത്തില്‍പ്പെട്ടവരോടുള്ള അതിക്രമങ്ങളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ നാല് മാസമായുള്ള മണിപ്പൂര്‍ കലാപത്തില്‍ നൂറു കണക്കിനുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തത് കണക്കിലെടുത്താല്‍ കണക്ക് ഇനിയും ഉയർന്നേക്കാം. സുപ്രീംകോടതിയില്‍ നല്‍കിയ ഒരു ഹർജിയില്‍ പൊളിക്കപ്പെട്ട പള്ളികളുടെ എണ്ണം 642 ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇംഫാലിലെ ആര്‍ച്ച്ബിഷപ്പ് 36 മണിക്കൂറിനുള്ളില്‍ 249 പള്ളികള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് ജൂണില്‍ പറഞ്ഞത്.
എന്നാല്‍ ഈ കണക്കുകള്‍ യുസിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതുകൊണ്ട് തന്നെ 525 എന്ന കണക്ക് ഉയരാന്‍ സാധ്യതയുണ്ട്.
'ഈ ആക്രമണങ്ങളെല്ലാം അധികാരത്തിലുള്ളവരില്‍ നിന്നും പിന്തുണ സ്വീകരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രത്യേക വിശ്വാസമുള്ള ഗ്രൂപ്പുകളുടെ ആള്‍ക്കൂട്ടം നടത്തുന്നതാണ്,' യുസിഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് ക്രിസ്ത്യൻ സമൂഹത്തിനെതിരായ വേര്‍തിരിച്ചുള്ള കണക്കുകള്‍ ഒന്നും ലഭ്യമല്ല. മാത്രമല്ല, ഇന്ത്യയില്‍ കലാപങ്ങള്‍ കുറഞ്ഞുവെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമാധാനപരമാണ് അന്തരീക്ഷമെന്നും എന്‍സിആര്‍ബി പറയുന്നു.
2021ല്‍ 505 എന്നാണ് കണക്കെങ്കില്‍ 2022ലത് 599 എന്നായി ഉയർന്നു
എന്നാല്‍ രാജ്യത്തെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യൻ സഖ്യമെന്ന് വിശേഷിപ്പിക്കുന്ന 1951ല്‍ സ്ഥാപിതമായ ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്ന സംഘടന ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടക്കുന്ന അക്രമങ്ങള്‍, പള്ളി ആക്രമണം, വിശ്വാസികള്‍ക്ക് നേരെയുള്ള ഉപദ്രവം, ബഹിഷ്‌കരണം, തെറ്റായ ആരോപണങ്ങള്‍, നിര്‍ബന്ധിത പരിവര്‍ത്തനം തുടങ്ങിയവയെ കുറിച്ച് വര്‍ഷങ്ങളായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 2021ല്‍ 505 എന്നാണ് കണക്കെങ്കില്‍ 2022ലത് 599 എന്നായി ഉയർന്നു. മുന്‍ വര്‍ഷത്തെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് 2022ല്‍ വലിയ സംഖ്യയിലേക്കെത്തിയത്. 2023 ഓഗസ്റ്റ് ആയപ്പോള്‍ തന്നെ 525ലെത്തി നില്‍ക്കുന്നു കണക്കുകള്‍.
ഇവരുടെ കണക്കുകള്‍ പ്രകാരം 2012നും 2022നും ഇടയിലെ 11 വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ അക്രമങ്ങളുടെ എണ്ണം നാല് ഇരട്ടിയായാണ് ഉയര്‍ന്നത്. ഇഎഫ്‌ഐ റിപ്പോര്‍ട്ട് പ്രകാരം അക്രമങ്ങളുടെ എണ്ണം 247ലെത്തിയ 2016ലാണ് ആദ്യമായി അക്രമങ്ങളില്‍ ഉയര്‍ന്ന കണക്ക് കാണിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ കണക്കുകളില്‍ ഗണ്യമായ വർധനയുണ്ടായി.
സംസ്ഥാനങ്ങളുടെ മാത്രം കണക്കുകളിലും വര്‍ധനയാണുണ്ടായിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 2014ല്‍ അക്രമങ്ങളുടെ എണ്ണം 18 ആയിരുന്നെങ്കില്‍ 2017ലെത്തുമ്പോള്‍ അത് 50 ആയി വര്‍ധിച്ചു. അന്നത്തെ ബിജെപി എംപിയായിരുന്ന യോഗി ആദിത്യനാഥ് തന്റെ ഹിന്ദുത്വ രാഷ്ട്രീയം തുറന്നുകാട്ടി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ സമയമാണ് 2017.
2018ല്‍ അക്രമങ്ങള്‍ എണ്ണത്തില്‍ 132 ആയി ഉയർന്നു. 2019ലും 2020ലും അക്രമങ്ങള്‍ കുറവായിരുന്നെങ്കിലും 2021ല്‍ 129 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്രമങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംസ്ഥാനമാണ് തമിഴ്‌നാട്. ഇ എഫ് ഐ പ്രകാരം ഇവിടെ ക്രിസ്ത്യന്‍ അക്രമങ്ങള്‍ ജാതീയമായ അക്രമമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അക്രമത്തിനിരയാകുന്നവരില്‍ കൂടുതലും ഗ്രാമങ്ങളില്‍ ജാതീയമായി പിന്നാക്കം നില്‍ക്കുന്നവരാണ്.
എന്നാല്‍ 2023ലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഉത്തര്‍ പ്രദേശ്, ചത്തീസ്ഗണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടുതലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇഎഫ്‌ഐ രേഖപ്പെടുത്തിയ പല സംഭവങ്ങളിലും പരാതി നല്‍കിയ കേസുകളില്‍ പോലും പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയിട്ടില്ല.
ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ സംരക്ഷണമുണ്ടെന്ന് ആശ്വസിക്കുന്ന ഹിന്ദു ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളെയും മുസ്‌ളിങ്ങളെയും അവരുടെ ആരാധാനാലയങ്ങളെയും ഉപജീവനമാര്‍ഗത്തെയും ലക്ഷ്യമിടുന്നു
മീനാക്ഷി ഗാംഗുലി, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യാ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ
രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ ആവേശം കൊള്ളുകയും ഹിന്ദു പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യാ ഡിവിഷന്റെ ഡെപ്യൂട്ടി ഡയറക്ടറായ മീനാക്ഷി ഗാംഗുലി ദി വയറിനോട് പറഞ്ഞു.
'ഹിന്ദുക്കള്‍ക്ക് അവരുടെ വിശ്വാസത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയിലെ മറ്റ് മതവിഭാഗക്കാരെ ആക്രമിക്കുന്നത് അതില്‍ ഉള്‍പ്പെടുത്തരുത്. ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ സംരക്ഷണമുണ്ടെന്ന് ആശ്വസിക്കുന്ന ഹിന്ദു ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളെയും മുസ്‌ളിങ്ങളെയും അവരുടെ ആരാധാനാലയങ്ങളെയും ഉപജീവനമാര്‍ഗത്തെയും ലക്ഷ്യമിടുകയാണ്,' അവര്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ വലിയ പള്ളികള്‍ക്ക് പകരം ചെറിയ ഘടനകളുള്ള ഹോം ചര്‍ച്ചുകളാണ് കൂടുതലുമുള്ളത്. ചെറിയ ഗ്രൂപ്പുകളായിട്ടായിരിക്കും അവിടുത്തെ പ്രാര്‍ഥനകളും നടക്കുന്നത്. ഇത്തരം പള്ളികളും വര്‍ഷങ്ങളായി വലതു പക്ഷ ഹിന്ദു ഗ്രൂപ്പുകളുടെ അക്രമത്തിനിരയാകുന്നുവെന്ന് ഇഎഫ്‌ഐ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായിച്ച മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ജോണ്‍ ദയാലും ദി വയറിനോട് പറഞ്ഞു.
2023ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു എസ് സി ഐ ആര്‍ എഫ്) മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 13ന് ക്രിസ്ത്യന്‍ പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു
രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 13ന് ക്രിസ്ത്യന്‍ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെ ഉയരുന്ന അക്രമങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. യുഎസ്എഫിന്റെ നാഷണല്‍ കണ്‍വീനറായ എസി മിഖായേലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രാഷ്ട്രപതിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യക്തിപരമായി ഇദ്ദേഹം നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന് ശേഷമാണ് മിഖായേല്‍ മോദിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പല മന്ത്രാലയങ്ങളിലേക്ക് കത്തയക്കുകയും അവസാനം ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പക്കല്‍ വിഷയമെത്തിയെന്നും സെപ്റ്റംബര്‍ 21ന് യോഗത്തിന് വേണ്ടി ക്ഷണിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല.