സ്ത്രീകള്‍ക്കെതിരെയുളള ഗാർഹിക അതിക്രമങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകണമെന്ന് സ്മൃതി ഇറാനി
പങ്കാളികളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണമെന്നും, അങ്ങനെയുള്ള സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ടൈംസ് നൗ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ചും അത് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെകുറിച്ചും സ്മൃതി ഇറാനി പറഞ്ഞത്.
2022 മെയിലാണ് അഫ്താബ് പൂനാവാല ശ്രദ്ധ വാള്‍ക്കറിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം നഗരത്തില്‍ ഉപേക്ഷിച്ചത്. ഒരു നിമിഷത്തെ ചിന്തയില്‍ ആരും സ്ത്രീകളെ വെട്ടി കഷ്ണങ്ങളാക്കില്ല. സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ആരും സ്ത്രീയെ മര്‍ദിക്കുകയും ചെയ്യില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ കേസ് ലൗജിഹാദാണോ എന്ന ചോദ്യത്തിന്, വളരെ ഗൗരവകരമായ കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രി മറുപടി നല്‍കി.
ശ്രദ്ധയ്‌ക്കെതിരെ ഉളള അതിക്രമം നിരവധി പേര്‍ക്ക് അറിയാമായിരുന്നിട്ടും, ആരില്‍ നിന്നും അവള്‍ക്ക് സഹായം ലഭിച്ചില്ലെന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീകള്‍ക്ക് നേരെ പങ്കാളികളില്‍ നിന്നോ ഏറ്റവുമടുത്ത കുടുംബാംഗങ്ങളില്‍ നിന്നോ ഉള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പ രിക്കുന്നതില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ കാര്യമായി എത്തേണ്ടതുണ്ട്.
ശ്രദ്ധയ്‌ക്കെതിരെ ഉളള അതിക്രമം നിരവധി പേര്‍ക്ക് അറിയാമായിരുന്നിട്ടും, ആരില്‍ നിന്നും അവള്‍ക്ക് സഹായങ്ങള്‍ ലഭിച്ചില്ല
വിദ്യാഭ്യാസം ഇല്ലാത്ത പുരുഷന്മാര്‍ സ്ത്രീകളെ ആക്രമിക്കുന്നത് നേരത്തെ കണ്ടിട്ടുണ്ട് എന്നാല്‍ ഇന്ന് ഗാര്‍ഹിക പീഡനത്തിന്റെ കാര്യത്തില്‍ അങ്ങനെ വ്യത്യാസമില്ല, ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഗാര്‍ഹിക പീഡനങ്ങള്‍ കൂടി വരുന്നു. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളോട് പുരുഷനെ ഉപേക്ഷിക്കാന്‍ പറയുന്നത് വളരെ എളുപ്പമാണ് എന്നാല്‍ ഇരകളോട് സംസാരിച്ചാല്‍ അവര്‍ എത്രമാത്രം ഭയത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്‍ ബലാത്സംഗക്കേസിലെ പ്രതിയെക്കൊണ്ട് ജയിലിനകത്ത് മസാജ് ചെയ്യിപ്പിച്ച സംഭവം മനസ്സിനെ മരവിപ്പിക്കുന്നതാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.