ഹരിയാനയിലെ നുഹിൽ ഘോഷയാത്രയ്ക്കിടെ സംഘർഷം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്, നിരോധനാജ്ഞ

ഹരിയാനയിലെ നുഹിൽ ഘോഷയാത്രയ്ക്കിടെ സംഘർഷം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്, നിരോധനാജ്ഞ

പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു
Updated on
1 min read

ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമുള്ള നുഹിൽ ഘോഷയാത്രയ്ക്കിടെ സംഘർഷം. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിന് സമീപം റാലിക്ക് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തിൽ ഒരാൾ മരിക്കുകയും രണ്ട് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സംഘ‍ർഷം പൊട്ടിപ്പുറപ്പെട്ടതോടെ കുട്ടികളടക്കം 2500 ഓളം പേർ ഗുരുഗ്രാമിന് സമീപമുള്ള ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. അക്രമികൾ കാറുകൾക്ക് തീയിട്ടതായും പോലീസ് പറഞ്ഞു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വെടിവയ്പ്പിലും കല്ലേറിലും നിരവധി പരുക്കേറ്റതായാണ് സൂചന. ആളുകൾ ആയുധങ്ങളുമായി നിൽക്കുന്നതും വാഹനങ്ങൾക്ക് തീവയ്ക്കുന്നതും വീഡിയോയിൽ കാണാം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഓഗസ്റ്റ് 2 വരെ സംസ്ഥാന സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ജില്ലയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തുകയും ചെയ്തു.

ബജ്‌റംഗ്ദൾ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസര്‍, മേവാദ് സന്ദര്‍ശിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായതെന്നാണ് വിവരം. മോനു മനേസറും കൂട്ടാളികളും വീഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്ന് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

logo
The Fourth
www.thefourthnews.in